കൊറോണ വിഴുങ്ങിയ ബിഗ്‌ബോസ്; വിജയിയെ പ്രേക്ഷകര്‍ക്ക് തീരുമാനിക്കാമെന്ന് ചാനല്‍

മലയാളം ബിഗ് ബോസ് ഷോയ്ക്ക് ശാപമേറ്റത് പോലെയാണ്. ഒന്നാം സാസണിന്റെ വന്‍ വിജയത്തിന് ശേഷം രണ്ടാം സീസണും മൂന്നാം സീസണും മുഴുമിപ്പിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണ്‍ ഗംഭീരമായി മുന്നേറവേയാണ് കൊറോണ ഒന്നാം തരംഗത്താല്‍ ഷോ നിര്‍ത്തേണ്ടി വന്നത്. തമിഴ് പതിപ്പിന്റെ നാലാം സീസണ്‍ വിജയിച്ചതോടെ മലയാളത്തിന്റെ മൂന്നാം സീസണ്‍ ഫിബ്രവരിയില്‍ ആരംഭിച്ചു. പക്ഷെ ഈ സീസണും കൊവിഡ് രണ്ടാം ഘട്ട വ്യാപനത്താല്‍ നിര്‍ത്തിയിരിക്കുകയാണ്.

മോഹന്‍ലാല്‍ അവതാരകനായ ബിഗ്ബോസ് മലയാളം സീസണ്‍ മൂന്നിന്റെ ചിത്രീകരണം കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചതിനാല്‍ വിജയികളെ ഇനി പ്രേക്ഷകര്‍ക്ക് തീരുമാനിക്കാമെന്ന് ചാനല്‍. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ കണ്ടെത്തുക. മെയ് 24 തിങ്കളാഴ്ച രാത്രി 11മണി മുതല്‍ 29 ശനിയാഴ്ച 11 മണി വരെ ഹോട്ട്സ്റ്റാറില്‍ പ്രേക്ഷകര്‍ക്ക് വോട്ട് രേഖപ്പെടുത്താം. ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നവരാകും ബിഗ് ബോസ് സീസണ്‍ 3ല്‍ വിജയി ആവുക.

മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, അനൂപ് കൃഷ്ണന്‍, ഋതു മന്ത്ര, സായി വിഷ്ണു, നോബി, റംസാന്‍, കിടിലം ഫിറോസ് എന്നീ എട്ടു പേരാണ് മത്സര രംഗത്തുള്ളത്. ഷോ തുടരാന്‍ സാധിക്കാത്തതിനാല്‍ മത്സരാര്‍ത്ഥികള്‍ ഇന്ന് കേരളത്തിലേക്ക് മടങ്ങിയെത്തും. മേയ് 19ന് രാത്രിയാണ് ലോക്ഡൗണ്‍ പശ്ചാത്തലത്തിലും ഷൂട്ടിംഗ് തുടര്‍ന്ന ബിഗ് ബോസ് ലൊക്കേഷന്‍ തമിഴ്നാട് പൊലീസും റെവന്യു വകുപ്പും ചേര്‍ന്ന് സീല്‍ വച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു