ബിജുവും ഗിരീഷും യാത്രക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവര്‍,

തിരുപ്പതിയിലെ വാഹനാപകടം എല്ലാവരെയും ദുംഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഡ്രാവറും കണ്ടക്ടറുമടക്കം ബസിലുണ്ടായിരുന്ന 20 യാത്രക്കാരാണ് മരിച്ചത്‌. രണ്ടു സഹപ്രവർത്തകരെ നഷ്ടമായതിന്റെ തീരാവേദനയിലാണ് കെഎസ്ആർടിസി. തങ്ങളുടെ ബസിൽ കയറുന്നവർ ഗിരീഷിനും ബൈജുവിനും വെറും യാത്രക്കാർ മാത്രമായിരുന്നില്ല, കുടുംബാംഗങ്ങൾ തന്നെയായിരുന്നു.

2018 ജൂൺ മൂന്നിന്, യാത്രയ്ക്കിടെ അപസ്മാരം ബാധിച്ച ഒരു യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാൻ ഇവർ ബസ് തിരിച്ചുവിട്ട സംഭവം വാർത്തയായിരുന്നു. അന്ന്, ബന്ധുക്കളെത്തുംവരെ രോഗിക്കു കൂട്ടിരുന്നത് ബൈജുവാണ്. അന്ന് കെഎസ്ആർടിസി എംഡിക്കു വേണ്ടി ഡിടിഒ ഇവരെ ആദരിച്ചിരുന്നു.യാത്രക്കാരെ ആശുപത്രിയിലെത്തിച്ച സംഭവത്തെപ്പറ്റി 2018 ജൂൺ 22ന് ‘കെഎസ്ആർടിസി എറണാകുളം’ എന്ന ഫെയ്സ്ബുക് പേജിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.

കുറിപ്പിന്റെ പൂർണ രൂപം:

ഒരു ജീവന് വേണ്ടി കുറച്ച് സമയത്തേക്ക് #KSRTC ബസ് തിരികെ ഓടി.!!! ഈ മാസം മൂന്നാം തീയതി (03/06/2018)ആണ് ഡോക്ടര്‍ കവിത വാര്യര്‍ എറണാകുളം ബാഗ്ലൂര്‍ വോള്‍വോയില്‍ തൃശൂര്‍നിന്നും ബെംഗളൂരുവിലേക്ക് യാത്ര ആരംഭിച്ചത്. വഴിക്കു വച്ച് ഇവർക്ക് ഫിറ്റ്സ് വരികയും ബസ് ജീവനക്കാരൻ സഹായിക്കുകയും ചെയ്തതാണ് സംഭവം. കെഎസ്ആർടിസി ജീവനക്കാരുടെ നന്മകളാണ് നാം ഇപ്പോൾ കുറച്ചുനാളായി വാർത്തകളിൽ കാണുന്നത്. അതിലുമേറെയായി ഒരു ജീവൻ രക്ഷിക്കുവാൻ മുൻകൈ എടുത്ത ജീവനക്കാരുടെ വിശേഷങ്ങളാണ് ഇനി പറയുവാൻ പോകുന്നത്. ബസിലെ ജീവനക്കാരന്‍ ആയ ബൈജു വാളകത്തിൽ പറയുന്നതിങ്ങനെ – ‘‘ഏകദേശം നേരം വെളുക്കാറായപ്പോള്‍ ഒരു യാത്രക്കാരന്‍ മുന്നിലേക്ക് വന്ന് സാര്‍ താക്കോല്‍ ഉണ്ടൊ എന്ന് ചോദിച്ചു. കാര്യം അന്വേഷിച്ചപ്പോള്‍ പുറകില്‍ ഒരു യാത്രക്കാരിക്ക് ഫിറ്റ്സ് ആണത്രെ.ഞാന്‍ താക്കോല്‍ നല്‍കി കുറച്ചു നേരം കഴിഞ്ഞ് രണ്ടു പേര്‍ വന്നിട്ട് പറഞ്ഞു “ചേട്ടാ ഒരു ശമനവും ഇല്ല ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവണ്ടി വരും.” ബാക്കി യാത്രക്കാരും ഒന്നായി പറഞ്ഞു: അതേ അതാണ് വേണ്ടത്.

അപ്പോഴേക്കും ഞങ്ങള്‍ ഹൊസൂരെത്തിയിരുന്നു. ബസ് തിരിച്ചു നേരെ ഹൈവേക്ക് തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടു. യുവതിയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തശേഷം ബാഗ്ലൂര്‍ ഐസിയെ ഇന്‍ഫോം ചെയ്തു. വേണ്ടകാര്യങ്ങള്‍ ചെയ്ത ശേഷം എത്തിയാല്‍ മതി എന്നു നിർദേശം ലഭിച്ചു. തൃശൂര്‍ ഡിപ്പോയിലെ ബെന്നി സാറിനെ ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ പറഞ്ഞു. “സാര്‍ ഇവിടെ അഡ്മിറ്റ് ചെയ്യണേൽ അഡ്മിഷന്‍ ഡെപ്പോസിറ്റ് കെട്ടി വയ്ക്കണം.” “അതൊന്നും ഇപ്പോള്‍ നോക്കണ്ടാ, ക്യാഷ് കെട്ടി വയ്ക്ക്. ബാക്കി നമ്മുക്ക് പിന്നീട് നോക്കാം ഒരു ജീവന്‍റെ കാര്യം അല്ലേ ..!” എന്ന് ബെന്നി സാർ പറഞ്ഞു.

ഡോക്ടര്‍ കൂടിയായ യാത്രക്കാരിയ്ക്ക് വളരെ സീരിയസ് ആയ നിലയില്‍ ആയതിനാല്‍ ഒരാള്‍ ഇവിടെ നില്‍ക്കണം എന്നാലെ ട്രീറ്റ്മെന്‍റ് നടപടികളും ആയി മുന്നോട്ട് പോകുവാൻ പറ്റുകയുള്ളൂ എന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. ഹോസ്പിറ്റലിന് റിസ്ക്ക് ഏറ്റെടുക്കാന്‍ പറ്റില്ലത്രേ. ആരും തന്നെ അതിന് തയ്യാറാകാതെ വന്നപ്പോള്‍ ബൈജു പറഞ്ഞു “ഇവരുടെ ആരെങ്കിലും എത്തും വരെ ഞാന്‍ നില്‍ക്കാം.” കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അന്വഷിച്ചപ്പോള്‍ നിങ്ങള്‍ ഒരാള്‍ക്ക് ബസ് ഓടിച്ച് ബാഗ്ലൂര്‍ പോകാമെങ്കില്‍ ഒരാള്‍ ഹോസ്പിറ്റലില്‍ നില്‍ക്കു മറ്റൊരാള്‍ യാത്രക്കാരും ആയി യാത്ര തുടരൂ എന്ന നിര്‍ദേശം ലഭിച്ചു..!

അങ്ങനെ ബൈജു ഹോസ്പിറ്റലില്‍ നിന്നു. ബസിലെ മറ്റു യാത്രക്കാരും ആയി കൂടെയുള്ള ജീവനക്കാരനായ ഗിരീഷ് ബാംഗ്ലൂരേക്ക് പുറപ്പെട്ടു. രാവിലെ 09:00 മണി ആയപ്പോഴേക്കും യാത്രക്കാരിയുടെ ബന്ധുക്കള്‍ എത്തി ഡിസ്ചാര്‍ജ് വാങ്ങി മറ്റൊരു ഹോസ്പിറ്റലിലേക്ക് പോയി. ബൈജുവിനെ അവര്‍ ഹൊസുര്‍ റെയില്‍വേ സ്റ്റഷനില്‍ ഡ്രോപ്പ് ചെയ്തു. ബൈജു അവിടുന്ന് ട്രെയിന്‍ കയറി ബസ് പാര്‍ക്ക് ചെയ്യുന്ന ബാംഗ്ലൂര്‍ പീനിയയിലേക്ക് പുറപ്പെട്ടു….! നന്മയുടെ കരം നീട്ടിയ ഗിരീഷ് & ബൈജു ഒരായിരം അഭിനന്ദനങ്ങള്‍…