ശ്രീ വേദനയില്ലാത്ത ലോകത്തേക്ക് പോകട്ടെ എന്ന് ഞാന്‍ ആഗ്രഹിച്ചു; ബിജു നാരായണ്‍…

നിരവധി മലയാളം ചിത്രങ്ങളിലൂടെയും ആല്‍ബങ്ങളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്റെ മരണം സംഗീതലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. അര്‍ബുദം കാരണമാണ് ശ്രീലത വിടപറഞ്ഞത്. ഇപ്പോള്‍ തന്റെ എല്ലാമെല്ലാമായ ശ്രീ പോയതിനാല്‍ ഇനി പാടാന്‍ ആകുമോയെന്ന് പോലും സംശയമാണെന്ന് ബിജു പറയുന്നു. ഒപ്പം ശ്രീയുടെ വേദന കണ്ടുനിന്ന നിമിഷങ്ങളും താരം പങ്കുവച്ചിരിക്കുകയാണ്.

ഗായകന്‍ ബിജു നാരായണന്റെ ഭാര്യ വിടവാങ്ങിയത് സംഗീത ലോകത്തെ മുഴുവന്‍ വേദനയിലാഴ്ത്തിയിരുന്നു. ആഗസ്റ്റിലായിരുന്നു ശ്രീലതയുടെ മരണം. അര്‍ബുദമാണ് ശ്രീലതയുടെ ജീവന്‍ കവര്‍ന്നത്. വെങ്കലം എന്ന ചിത്രത്തിലൂടെ മലയാള പിന്നണി ഗാനരംഗത്തേക്ക് എത്തിയ ബിജു നാരായണന്‍ വിവാഹിതനാകുന്നത് 1998 ജനുവരിയിലാണ്. നീണ്ട പത്തുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. പ്രിഡിഗ്രി പഠനകാലത്തെ പ്രണയം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. ശ്രീലത വിട്ടു പോയതിന്റെ വേദനയില്‍ ഭാര്യയെക്കുറിച്ച് ഓര്‍ക്കുകയാണ് ബിജു നാരയണന്‍.

തന്റെ ജീവിതപങ്കാളി മാത്രമല്ല ആത്മസുഹൃത്തും കൂടിയായിരുന്നു ശ്രീലത എന്നാണ് ബിജു നാരായണന്‍ പറയുന്നത്. തന്റെ എല്ലാകാര്യങ്ങളും നോക്കിയിരുന്നത് ശ്രീലത ആയിരുന്നു. ശ്രീയ്ക്ക് അസുഖം കുറവുണ്ടായിരുന്ന സമയത്ത് ഓസ്ട്രേലിയയില്‍ ഒരു സംഗീത പരിപാടി താന്‍ ഏറ്റെടുത്തിരുന്നു. അതിനായി ഉടനെ പോകുകയാണ്. അവിടെ എന്തു പാടണം, എനിക്ക് പാടാന്‍ കഴിയുമോ എന്നു പോലും അറിയില്ല. വീടിന്റെ ഏകാന്തതയില്‍ നിന്ന് പുറത്തേക്കിറങ്ങിയാല്‍ മനസ്സിനല്‍പം മാറ്റും വരുമെന്നു സുഹൃത്തുക്കള്‍ പറയുന്നു. അങ്ങനെയൊരു മാറ്റം വരുമോയെന്നും അറിയില്ലെന്നുമാണ് ബിജു പറയുന്നത്.

അതിനൊപ്പം തന്നെ കാന്‍സറിന്റെ വേദനയില്‍ ഭാര്യ പിടയുന്നത് സങ്കല്‍പ്പിക്കാനാകാതെ വേദനകളില്ലാത്ത ലോകത്തേക്ക് ശ്രീ പോകട്ടെയെന്നാണ് അവസാന ദിവസങ്ങളില്‍ ഞാന്‍ പ്രാര്‍ഥിച്ചത് എന്നും ബിജു തുറന്നുപറയുന്നു. കാന്‍സര്‍ വളരെ കൂടിയ സ്റ്റേജില്‍ ശ്രീയ്ക്ക് മോര്‍ഫിന്‍ ഇന്‍ഫ്യൂഷന്‍ കൊടുക്കുകയായിരുന്നു. അത്ര വേദന സഹിച്ച് ഒരുപക്ഷേ, ഓര്‍മ പോലും മാഞ്ഞു പോയിട്ട് ശ്രീ കിടക്കുന്നതു സങ്കല്‍പിക്കാന്‍ തനിക്ക് വയ്യാരുന്നതിനാലാണ് അങ്ങനെ ചിന്തിച്ചതെന്നും താരം വേദനയോടെ പറയുന്നു,