ശബരിമല വിധിയുടെ രണ്ടാം വാർഷികത്തിൽ വിജയ് പി നായർക്കേറ്റ അടി പുരുഷാധിപത്യ വ്യവസ്ഥയ്ക്കേറ്റ അടിയായ് കാണുന്നു-ബിന്ദു അമ്മിണി

ഭാഗ്യലക്ഷ്‌മിയുടെ നേതൃത്വത്തിൽ നടന്ന സ്ത്രികളുടെ അഭിമാനമുയർത്തിയ ഇടപെടലിൽ നേരിട്ടു പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, പങ്കാളി ആകാൻ കഴിഞ്ഞിരുന്നെന്ന് ബിന്ദു അമ്മിണി.യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രധാനമായ ശബരിമല വിധിയ്‌ക്ക് ഇന്ന് രണ്ട് വർഷം തികയുമ്പോൾ വിജയ് പി നായർക്കേറ്റ അടി പുരുഷാധിപത്യ വ്യവസ്ഥയ്ക്കേറ്റ് അടിയായി കാണുന്നുവെന്ന് ബിന്ദു പറഞ്ഞു. സ്ത്രീ മുന്നേറ്റങ്ങൾ അംഗീകരിക്കാൻ തയ്യാറാകാത്ത പുരോഗമനകാരികളുടെ കവിളത്തു കൂടി ആണ് അടിയേറ്റിരിക്കുന്നത്. ഫെമിനസത്തിന്റെ കുത്തക മുതലാളിമാർ ഇനിയെങ്കിലും ഇത് തിരിച്ചറിയണമെന്നും ബിന്ദു അമ്മിണി ഫേസ്ബുക്കിൽ കുറിക്കുന്നു.

സുപ്രീം കോടതി ശബരിമല യുവതീ പ്രവേശന വിധി പുറപ്പെടുവിച്ചിട്ട് ഇന്നേക്ക് രണ്ടു വർഷം തികയുന്നു. സ്ത്രീകൾക്കെതിരായ വിവേചനത്തിന് എതിരെ പുതിയ മാനങ്ങൾ സൃഷ്ടിച്ച വിധിയെത്തുടർന്നാണ് ഞാനും കനക ദുർഗ്ഗയും കണ്ടുമുട്ടുന്നത്. ഇന്ന് കനക ദുർഗ്ഗ എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്.അവളുടെ സന്തോഷങ്ങൾ എന്റെയും സന്തോഷമാണ്.എന്നും അവൾക്കൊപ്പം തന്നെ.നീണ്ട പത്തു വർഷത്തിലേറെയുള്ള എന്റെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് ജീവിക്കാനുള്ള സമരത്തിലും കരിയർ കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച പിന്നെ ഒരു 8 വർഷക്കാലം കാര്യമായ സാമൂഹ്യ ഇടപെടലുകൾ നടത്തിയില്ല.

ശബരിമല വിധിയ്ക്കു ശേഷം കേരളത്തിന്റെ തെരുവുകളിൽ സംഘപരിവാർ സംഘടനകൾ അഴിച്ചുവിട്ട കലാപം കണ്ടില്ലെന്നു നടിച്ച് സ്വന്തം കാര്യം നോക്കിയിരിക്കാനായില്ല. ഇന്ത്യൻ നിയമ വ്യവസ്ഥ അംഗീകരിച്ച അവകാശങ്ങൾക്കു വേണ്ടി നിലകൊണ്ട സ്ത്രീകൾ ക്രിമിനൽ ആൾക്കൂട്ട ആക്രമങ്ങൾക്കിരയായപ്പോഴാണ് എന്റെ നിശബ്ദത എത്രമാത്രം കുറ്റകരമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. ശബരിമലയിലേക്ക് പോവുക എന്നത് എന്റെ വ്യക്തിപരമായ താല്പര്യമായിരുന്നു. അങ്ങനെ ആ ലക്ഷ്യവുമായ് നിന്ന ഒരു കൂട്ടമാളുകളുമായ് ചേർന്നാണ് അവിടേക്ക് പോകാനായ് ഇറങ്ങിയത്. വഴിയിൽ വച്ച് സീന യു.ടി.കെ, ദിവ്യ ദിവാകരൻ, കനക ദുർഗ്ഗ ഇവരെ പരിചയപ്പെടുന്നു. പമ്പയിൽ എത്തി മനീതി ടീമിനൊപ്പം പോകാനാണ് തീരുമാനിച്ചിരുന്നത്.

എന്നാൽ ഇടയ്ക്കു വച്ച് മനീതി ടീമിന് പോകാനാകാത്ത സാഹചര്യം വന്നു ചേർന്നു. ആ സമയത്ത് ശ്രേയസ്സ് കണാരനടക്കമുള്ളവർ യാത്രാ സമയം പകൽ ആക്കണമെന്നും മനീതിയുടെ അടുത്ത ടീമിനൊപ്പം പോയാൽ മതിയെന്ന് പറയുകയും ചെയ്തു. എന്നാൽ ഞാൻ ആ തീരുമാനത്തെ എതിർക്കുകയും രാത്രി തന്നെ യാത്ര തുടരണമെന്ന് തീരുമാനിക്കുകയും ചെയ്തു. മറ്റ് മൂന്ന് പേരും അത് അംഗീകരിക്കുകയും ഞങ്ങൾ ഒരുമിച്ച് യാത്ര പുറപ്പെടുകയും ചെയ്തു. എന്നാൽ ചില പ്രത്യേക കാരണങ്ങളാൽ ഇടയ്ക്കു വച്ച് ഞാനും കനക ദുർഗ്ഗയും മാത്രമായ് പോകേണ്ടി വന്നു. ദിവ്യയും, സീനയും എല്ലാ പിന്തുണയുമായ് ഒപ്പമുണ്ടായിരുന്നു. ആദ്യ യാത്ര വിജയകരമാകാത്തതിന്റെ കാരണങ്ങൾ ബോധ്യപ്പെട്ട ഞങ്ങൾ അടുത്ത ശ്രമം രഹസ്യമാക്കി വയ്ക്കുകയും അതുകൊണ്ടുതന്നെ വിജയകരമായ് കോടതി ഉത്തരവിലൂടെ യുവതീ പ്രവേശനം സാധ്യമാവുകയും ചെയ്തു. ആ സമയത്തൊക്കെയും സംഘടിതമായ ഒരു മുന്നേറ്റമായ് അത് മാറ്റിത്തീർക്കാൻ ഞാൻ പരമാവധി ശ്രമിച്ചതാണ്. സേഫ് സോണുകളിലിരിക്കുന്നവർ മിക്കവരും അതിന് തയ്യാറല്ലായിരുന്നു.

സെപ്റ്റംബർ 26 ന് തിരുവനന്തപുരത്ത് ഭാഗ്യലക്ഷ്മി ചേച്ചിയുടെ നേതൃത്വത്തിൽ നടന്ന സ്ത്രികളുടെ അഭിമാനമുയർത്തിയ ഇടപെടലിൽ നേരിട്ടു പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, പങ്കാളി ആകാൻ കഴിഞ്ഞിരുന്നു. ആ സമയത്ത് ചില ഫെമിനിസ്റ്റുകളെ വിളിച്ചിരുന്നു എങ്കിലും ഫോൺ എടുക്കാനോ തിരിച്ചുവിളിക്കാനോ അവർ തയ്യാറായില്ല. എന്നാൽ പിന്നീട് ചാനൽ ചർച്ചകളിൽ ഇവർ ആവേശ ഭരിതരാകുന്നത് കണ്ടപ്പോൾ തോന്നിയത് സഹതാപം. സ്ത്രീ മുന്നേറ്റങ്ങൾ അംഗീകരിക്കാൻ തയ്യാറാകാത്ത ‘പുരോഗമന ‘ കാരികളുടെ കവിളത്തു കൂടി ആണ് അടിയേറ്റിരിക്കുന്നത്. ഫെമിനസത്തിന്റെ കുത്തക മുതലാളിമാർ ഇനിയെങ്കിലും തിരിച്ചറിയുക. നിങ്ങൾ എത്ര തമസ്കരിച്ചാലും സ്ത്രീ മുന്നേറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും. അപ്പോഴും ചാനൽ ചർച്ചയിൽ സേഫ് സോണിൽ നിന്നിറങ്ങിയ ചർച്ചയ്ക്കായ് നിങ്ങൾ തന്നെയെത്തും.ശബരിമല വിധിയുടെ രണ്ടാം വാർഷികത്തിൻ വിജയ് പി നായർക്കേറ്റ അടി പുരുഷാധിപത്യ വ്യവസ്ഥയ്ക്കേറ്റ അടിയായ് കാണുന്നു.