നിറവയർ ചേർത്തു പിടിച്ച് അതിസുന്ദരിയായി ബിപാഷ

നടി ബിപാഷ ബസവും ഭർത്താവ് കരൺ സിംഗ് ഗ്രോവറും ഒടുവിൽ ആ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചു. ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് ഇരുവരും. ഗർഭകാല ഫോട്ടോഷൂട്ടിലെ രണ്ട് ചിത്രങ്ങൾ പങ്കുവച്ച് കൊണ്ടാണ് ഇരുവരും ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മനോഹരമായ ഒരു കുറിപ്പും ബിപാഷ പങ്കുവച്ചിട്ടുണ്ട്. ഒറ്റയ്ക്ക് തുടങ്ങിയ ജീവിതയാത്രയുടെ ഒരു ഘട്ടത്തിൽ ഞങ്ങൾ പരസ്പരം കണ്ടുമുട്ടി. രണ്ടു പേർ ഒന്നിച്ചു തുടങ്ങിയ യാത്രയിൽ മൂന്നാമതൊരാൾ കൂടി ചേരുകയാണ്. ഞങ്ങളുടെ പ്രണയത്തിൽ നിന്നും രൂപപ്പെട്ട സൃഷ്ടിയാണ് അത്. ഞങ്ങളുടെ കുഞ്ഞ് ഉടൻ തന്നെ എത്തുമെന്നാണ് താരദമ്പതികൾ കുറിച്ചിരിക്കുന്നത്. നന്ദി രേഖപ്പെടുത്തിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നിറവയർ ചേർത്തു പിടിച്ച് അതിസുന്ദരിയായാണ് ബിപാഷ ചിത്രത്തിൽ ഉള്ളത്. ഒപ്പം ഭർത്താവ് കരൺ സിംഗ് ഗ്രോവറുമുണ്ട്. ബിപാഷ ഗർഭിണിയാണെന്ന് ദിവസങ്ങൾക്ക് മുമ്പ് തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനോട് അപ്പോൾ താര ദമ്പതികൾ പ്രതികിരിച്ചിരുന്നില്ല. 2015 ൽ പുറത്തിറങ്ങിയ ‘എലോൺ’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് പരിചയപ്പെട്ട ബിപാഷയും കരണും 2016ലാണ് വിവാഹിതരാവുന്നത്.