കേരളത്തിന് അത്താണി മോദി, ബിഷപ്പ് പ്രകടിപ്പിച്ചത് ജനവികാരം – കെ സുരേന്ദ്രന്‍

കൊച്ചി . കേരളത്തിന് അത്താണി നരേന്ദ്ര മോദി ആണെന്നും തലശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് പ്രകടിപ്പിച്ചത് ജനവികാരമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. റബ്ബര്‍ കര്‍ഷകരെ ഉപയോഗിച്ച് അധികാര സ്ഥാനത്തെത്തിയ രണ്ട് മുന്നണികളും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തലശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന. ജനങ്ങളുടെ വികാരമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്. ഇത് മാറ്റത്തിന്റെ സൂചനയാണ്. നരേന്ദ്രമോദി സര്‍ക്കാരിലുള്ള വിശ്വാസമാണ് ബിഷപ്പ് പ്രകടിപ്പിച്ചത് – സുരേന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു.

മോദി സര്‍ക്കാര്‍ ഘട്ടംഘട്ടമായി റബര്‍ വില കൂട്ടുകയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് റബര്‍ കര്‍ഷകര്‍ക്കായി ഒന്നും ചെയ്തില്ല. കര്‍ഷകര്‍ക്ക് ഗുണമുണ്ടാകുന്ന നിലപാട് ശക്തിപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തു വരുന്നത്. കേരളത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അത്താണി മോദി സര്‍ക്കാര്‍ മാത്രമാണ്. മോദിയെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ കേരളത്തിലും വരണം. എന്നാല്‍ മാത്രമേ കേരളത്തിലുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വികസനം പൂര്‍ണമായും ലഭിക്കുകയുള്ളൂ – സുരേന്ദ്രന്‍ പറഞ്ഞു.

ബിഷപ്പിന്റെ പ്രസ്താവനയോടുള്ള ഗോവിന്ദന്റെ മറുപടി രാഷ്ട്രീയ വിദ്വേഷം മാത്രമാണ്. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നതിനു പകരം അസഹിഷ്ണുത കാണിക്കുകയാണ് ഗോവിന്ദൻ. കേരളത്തിലും എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്ന നരേന്ദ്ര മോദിയുടെ വാക്കുകള്‍ എല്ലാ വിഭാഗങ്ങളും ഏറ്റെടുക്കുകയാണ്. ഇതു മനസിലാക്കി തെറ്റായ പ്രചരണം നടത്തുകയാണ് ഇടതുപക്ഷവും കോണ്‍ഗ്രസും ചെയ്യുന്നതെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.