പൂജ്യത്തില്‍ നിന്ന് മന്ത്രിസഭ രൂപികരിച്ച് ബിജെപി; ചരിത്രം കുറിച്ച്‌ ബിജെപി

മാഹി: ചരിത്രം കുറിച്ച്‌ ബിജെപി. പുതുച്ചേരിയില്‍ എന്‍ഡിഎ മന്ത്രിസഭ നാളെ അധികാരമേല്‍ക്കുമ്പോള്‍ മുപ്പതംഗ പുതുച്ചേരി നിയമസഭയില്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപിയില്‍ നിന്ന് രണ്ട് അംഗങ്ങള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.

നിയുക്ത മുഖ്യമന്ത്രി രംഗസ്വാമിയും ബിജെപി എംഎല്‍എമാരും കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തി ലഫ്. ഗവര്‍ണര്‍ ഡോ. തമിഴിശൈ സൗന്ദര്‍രാജനെ സന്ദര്‍ശിച്ച്‌ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചിരുന്നു. മണ്ണാടിപ്പെട്ട് മണ്ഡലത്തില്‍ നിന്നു വിജയിച്ച എ. നമശിവായവും കാമരാജ് നഗര്‍ മണ്ഡലത്തില്‍ നിന്നു വിജയിച്ച ജോണ്‍ കുമാറും മന്ത്രിമാരായേക്കുമെന്നു റിപ്പോര്‍ട്ട്.

മുപ്പതംഗ പുതുച്ചേരി നിയമസഭയില്‍ എന്‍.ആര്‍. കോണ്‍ഗ്രസിന് പത്ത് അംഗങ്ങളും ബിജെപിക്ക് ആറ് അംഗങ്ങളും ഡിഎംകെയ്ക്ക് ആറ് അംഗങ്ങളും കോണ്‍ഗ്രസിന് രണ്ട് അംഗങ്ങളുമാണുള്ളത്. സ്വതന്ത്രരായി ആറു പേര്‍ വിജയിച്ചു. ഇവര്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും ഉടന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ട്.