കുഴൽപ്പണ കേസിൽ സുരേന്ദ്രനെ പിന്തുണച്ച് ബിജെപി കേന്ദ്ര നേതൃത്വം

കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പിന്തുണച്ച് ബിജെപി കേന്ദ്ര നേതൃത്വം. കുഴൽപ്പണ ആരോപണവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പശ്ചാത്തലത്തിൽ കെ. സുരേന്ദ്രൻ ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സംസ്ഥാന ഘടകത്തിനു ബിജെപി കേന്ദ്ര നേതൃത്വം പിന്തുണ അറിയിച്ചത്. സംസ്ഥാന സർക്കാരിനെതിരായ പോരാട്ടം ശക്തമാക്കാൻ ജെ.പി. നഡ്ഡ നിർദേശം നൽകിയതായി കെ. സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് നഡ്ഡയെ അറിയിച്ചതായി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയൻ സർക്കാരിന്റെ വിദ്വേഷ രാഷ്ട്രീയത്തിനും കള്ളക്കേസുകൾക്കും എതിരായി ശക്തമായി പ്രതികരിക്കാൻ നഡ്ഡ നിർദേശിച്ചതായി സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയന്റെ ഫാസിസ്റ്റ് നടപടികൾക്കെതിരായി പോരാട്ടം നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടതായും സുരേന്ദ്രൻ വ്യക്തമാക്കി.

നഡ്ഡയുടെ വസതിയിൽവെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി വി. മുരളീധരനും പങ്കെടുത്തു.