70ലധികം സീറ്റുകൾ നേടി അധികാരത്തിലെത്തും- നയം വ്യക്തമാക്കി ബിജെപി

വരുന്ന കേരളാ നിയമ സഭാ തിരഞ്ഞെടുപ്പിൽ കുറച്ച് സീറ്റുകളിൽ ജയിച്ച് കയറാനല്ല എന്നും 70 ലധികം നിയമ സഭാ മണ്ഢലങ്ങളിൽ വിജയിച്ച് അധികാരത്തിൽ എത്തും എന്നും ബിജെപി സംസ്ഥാന സമിതി യോഗം. സംസ്ഥാന സമിതി യോഗം ഉല്ഘാടനം ചെയ്ത് സംസ്ഥാന ബിജെപി പ്രഭാരി സി.പി രാധാകൃഷ്ണനാണ്‌ ഇത് വ്യക്തമാക്കിയത്.

ബിജെപി സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന പ്രഭാരി സി.പി രാധാകൃഷ്ണൻ നടത്തിയ ഉദ്ഘാടന പ്രസംഗം

തൃശ്ശൂർ: കേരളത്തിൽ സീറ്റ് വർദ്ധിപ്പിക്കാനല്ല മറിച്ച് 70 ൽ അധികം സീറ്റുകൾ നേടി ഭരണത്തിലേറാനാണ് ബിജെപി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് പ്രസ്ഥാനത്തിന് വേണ്ടി ബലിദാനികളായവരുടെ ജീവത്യാഗം വെറുതെയാവില്ല. ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തൂത്തെറിഞ്ഞ് അധികാരത്തിലേറാൻ സാധിച്ചെങ്കിൽ കേരളത്തിലും നടക്കും. സംസ്ഥാനത്തിൻ്റെ സംസ്കാരവും ആചാരങ്ങളും തകർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. ശബരിമലയിൽ കണ്ടത് അതാണ്. അടിസ്ഥാന സൗകര്യവികസന കാര്യത്തിൽ കേരളം ഏറെ പിന്നിലാണ്. തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടെത്താൻ മണിക്കൂറുകൾ ആവശ്യമാണ്. നല്ല റോഡുകൾ നിർമ്മിക്കാൻ സംസ്ഥാനം ഭരിച്ചവർ ശ്രമിച്ചില്ല.

വാജ്പേയ് സർക്കാരിൻ്റെയും മോദി സർക്കാരിൻ്റെയും കാലത്താണ് കേരളത്തിൽ റോഡ് വികസനം നടന്നത്. പാലക്കാട് ഹൈവെയും ആലപ്പുഴ ബൈപ്പാസും ഇതിൻ്റെ ഉദ്ദാഹരണമാണ്. കേന്ദ്രസർക്കാരിൻ്റെ മികച്ച പിന്തുണ കിട്ടിയിട്ടും സംസ്ഥാന സർക്കാരിന് വികസനം കൊണ്ടുവരാൻ സാധിക്കുന്നില്ല. ജി.എസ്.ടിക്ക് മുമ്പും പിൻപും കേരളത്തിന് ലഭിച്ച റവന്യൂ വരുമാനത്തെ കുറിച്ച് ധവളപത്രം ഇറക്കാൻ തോമസ് ഐസക്ക് തയ്യാറാവണം. ജി.എസ്.ടിക്ക് ശേഷം വരുമാനത്തിൽ വലിയ വർദ്ധനവാണുണ്ടായത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശാസ്ത്രീയമായ അഴിമതിയാണ് കേരളത്തിൽ നടക്കുന്നതെന്നും സി.പി രാധാകൃഷ്ണൻ പറഞ്ഞു.

തുടർ ഭരണം ഉണ്ടാവില്ല,കെ.സുരേന്ദ്രൻ്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ നിന്നും.

സാർവ്വത്രികമായ അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. തട്ടിപ്പിന്റെ സൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന് ജനങ്ങൾക്ക് ബോധ്യമായി. എന്നാൽ അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കിഫ്‌ബി പദ്ധതിയെക്കുറിച്ച് എന്തൊക്കെ വീരവാദങ്ങളാണ് കേരളം കേട്ടുകൊണ്ടിരുന്നത്. പദ്ധതിക്ക് പുറത്തു പണം കണ്ടെത്തി വികസന പ്രവർത്തനങ്ങൾ നടത്താനുള്ള ഉദ്യമമായാണ് അതിനെ പലരും കണ്ടത്. വികസന പദ്ധതികളെ എല്ലാവരും അനുകൂലിക്കുന്നത് സ്വാഭാവികമാണല്ലോ. എന്നാൽ അതിന്റെ മറവിൽ നടന്നത് ശുദ്ധ തട്ടിപ്പാണ് എന്നതല്ലേ ഇപ്പോൾ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തിയത്. വിദേശത്തുനിന്നുപോലും അതിനായി പണം കൊണ്ടുവന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് സിഎജിയുടെ കണ്ടെത്തൽ.

കോടാനുകോടിയാണ് വിദേശത്തുനിന്നടക്കം കേരളം ഇതിനകം കടമെടുത്തത്, അതും നാട്ടിലെങ്ങുമില്ലാത്ത പലിശയ്ക്ക്. ഇക്കാര്യം ഇപ്പോൾ കോടതിയിലുമെത്തിയിരിക്കുന്നു. അഴിമതിയെ എതിർത്തതിനാൽ ഭരണഘടനാ സ്ഥാപനമായ സിഎജിയെ തകർക്കാൻ ശ്രമിക്കുകയാണ് പിണറായി വിജയൻ സർക്കാർ. നിയമസഭയെ ദുരുപയോ​ഗം ചെയ്ത് സിഎജിക്കെതിരെ പ്രമേയം വരെ കൊണ്ടുവന്നിരിക്കുകയാണവർ. ഭരണഘടനയേയും ജനാധിപത്യത്തെയും കമ്മ്യൂണിസ്റ്റുകാർ എങ്ങനെയാണ് നോക്കികാണുന്നതെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ലെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. വികസനത്തിന് ബിജെപി അനുകൂലമാണ്. വികസനപദ്ധതികൾ കൂടിയേ തീരൂ. എന്നാൽ അത് ഭരണഘടനാ വിരുദ്ധമായി നടപ്പിലാക്കാൻ എങ്ങിനെ കേരളത്തിന് കഴിയും?കേരളം ഒരു പ്രത്യേക രാജ്യമാണ് എന്ന മട്ടിൽ നമ്മുടെ ചില മന്ത്രിമാരും സിപിഎമ്മും പറഞ്ഞാൽ അതിനെ നഖശിഖാന്തം എത്തിക്കുക മാത്രമല്ലേ മാർഗമുള്ളൂ.

ഒരു വർഷമായി തുടരുന്ന മഹായുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം കൊവിഡിനെ തോൽപ്പിച്ചപ്പോൾ നമ്മുടെ കേരളം കൊവിഡിന് ദയനീയമായി കീഴടങ്ങിയെന്ന് സുരേന്ദ്രൻ പറഞ്ഞു. ഏറെക്കൊട്ടിഘോഷിച്ച പിണറായി സർക്കാരിന്റെ കൊവിഡ് പ്രതിരോധം എന്നത് വെറും പിആർ പ്രചരണം മാത്രമായിരുന്നെന്ന് ജനങ്ങൾക്ക് ബോധ്യമായി കഴിഞ്ഞു. ഇന്ന് രാജ്യത്തെ കൊവിഡ് കേസിന്റെ പകുതിയിലേറെ കേരളത്തിലാണ്. കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളെല്ലാം പാളിയതാണ് കേസുകൾ വർദ്ധിക്കാൻ കാരണം. വാക്സിൻ എടുക്കുന്നവരുടെ എണ്ണത്തിൽ കേരളം അമാന്തം കാണിക്കുന്നു. ആരോ​ഗ്യവകുപ്പും സർക്കാരും വൻപരാജയമാണ്.

യു.ഡി.എഫ് നേതൃത്വത്തിലേക്ക് ഉമ്മൻചാണ്ടി വന്നതോടെ കഴിഞ്ഞ സർക്കാരിന്റെ അഴിമതികളും വീണ്ടും ചർച്ചയായി. പഴയകാര്യങ്ങൾ ഓർമ്മിക്കാൻ ജനങ്ങൾക്ക് അവസരം നൽകിയതിന് ഹൈക്കമാന്റിന് നന്ദിയുണ്ട്. പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന സ്വർണ്ണക്കടത്തും അഴിമതികളും ഉമ്മൻചാണ്ടിയുടെ ഭരണവും താരതമ്യം ചെയ്യാനുള്ള അവസരം ജനങ്ങൾക്ക് ലഭിച്ചു. ഇരുമുന്നണികളെയും നയിക്കുന്ന രണ്ട് മാന്യൻമാരെ വിലയിരുത്താനുള്ള അവസരം ജനങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തും.

നിയമസഭാ തിരഞ്ഞെടുപ്പിൽ അഴിമതി മുഖ്യവിഷയമാകുന്നത് ബി.ജെ.പിക്കും എൻഡിഎക്കുമാണ് ​ഗുണം ചെയ്യുക. ഭരണ-പ്രതിപക്ഷങ്ങൾ അഴിമതിയിൽ മുങ്ങികുളിച്ചു നിൽക്കുകയാണെന്ന് കേരളത്തിലെ ഏത് കൊച്ചുകുട്ടികൾക്കും അറിയാം. യു.ഡി.എഫ്-എൽ.ഡി.എഫ് വോട്ട് കച്ചവടവും വർ​ഗീയ ശക്തികളുടെ ധ്രുവീകരണവും അതിജീവിച്ച് ഉജ്ജ്വല വിജയമാണ് ഭാരതീയ ജനതാപാർട്ടിയും ദേശീയ ജനാധിപത്യ സഖ്യവും കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയത്. കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ സ്ഥലങ്ങളിലേക്ക് എൻഡിഎ സ്വാധീനം വർദ്ധിപ്പിക്കുമ്പോൾ കേരളത്തിലും കോൺ​ഗ്രസ് എന്ന പാർട്ടി അപ്രസക്തമാവുകയാണ്. സി.പി.എമ്മിനെ നേരിടാൻ ശേഷിയുള്ള ഏക പാർട്ടിയായി കേരളത്തിൽ ബിജെപി മാറിയെന്നതാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.

ഒ.രാജഗോപാൽ എം.എൽ.എ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ദേശീയ നിർവാഹക സമിതി അംഗങ്ങളായ പി.കെ കൃഷ്ണദാസ്, സി.കെ പദ്മനാഭൻ, മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ കെ.രാമൻപിള്ള, കെ.വി ശ്രീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, എം.ടി രമേശ്, സി.കൃഷ്ണകുമാർ, പി.സുധീർ,ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാർ എന്നിവർ പങ്കെടുത്തു. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സമ്മേളന നഗരിയിൽ പതാക ഉയർത്തി.