ബിജെപി ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയപാര്‍ട്ടി, 2024ലും ഇന്ത്യയിൽ വിജയം ആവര്‍ത്തിക്കുമെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍

വാഷിങ്ടണ്‍ . ബിജെപി ലോകത്തെ ഏറ്റവും ശക്തവും പ്രാധാന്യമേറിയതുമായ രാഷ്ട്രീയപാര്‍ട്ടിയാണെന്ന് ലോകത്തെ പ്രമുഖ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നു. വാള്‍ സ്ട്രീറ്റ് ജേര്‍ണലിൽ വാള്‍ട്ടര്‍ റസല്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ‘ഇന്ത്യ ഭരിക്കുന്ന ബിജെപി അമേരിക്കന്‍ ദേശീയ താല്‍പ്പര്യങ്ങളുടെ വീക്ഷണത്തില്‍ നിന്നു വിലയിരുത്തപ്പെട്ടാല്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശ രാഷ്ട്രീയ പാര്‍ട്ടിയാണ്’ – വാള്‍ സ്ട്രീറ്റ് ജേര്‍ണൽ പറഞ്ഞിരിക്കുന്നു.

‘2014ലെയും 2019ലെയും തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം ബിജെപി 2024ലും ആവര്‍ത്തിച്ചുള്ള വിജയത്തിലേക്ക് നീങ്ങുകയാണ്. ഇന്ത്യ മുന്‍നിര സാമ്പത്തിക ശക്തിയായി ഇതിനകം മാറിക്കഴിഞ്ഞു. ജപ്പാനോടൊപ്പം ഇന്‍ഡോ പസഫിക് മേഖലയില്‍ അമേരിക്കന്‍ തന്ത്രത്തിന്റെ ചുക്കാന്‍ പിടിക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഭാവിയില്‍,വര്‍ദ്ധിച്ചുവരുന്ന ചൈനീസ് ഭീഷണിയെ നേരിടാന്‍ അമേരിക്കയ്ക്ക് ഒപ്പം ചേര്‍ത്തുനില്‍ക്കാന്‍ കഴിയുന്ന ശക്തിയായി ഇന്ത്യ ശക്തിപ്പെട്ടതായും’ -വാള്‍ സ്ട്രീറ്റ് ജേര്‍ണൽ പറയുന്നു.

ഇന്ത്യയിലെ ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. രാഷ്ട്രീയ സാംസ്‌കാരിക ചരിത്രത്തില്‍ നിന്നാണ് ബിജെപി വളരുന്നത് എന്നും വാള്‍ട്ടര്‍ റസല്‍ ലേഖനത്തില്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ആധിപത്യം, ആധുനികവല്‍ക്കരണത്തിലേക്കുള്ള സവിശേഷമായ ‘ഹിന്ദു പാത’ രൂപപ്പെടുത്താനുള്ള സാമൂഹിക ചിന്തകരുടെയും പ്രവര്‍ത്തകരുടെയും ശ്രമങ്ങളെ അടിസ്ഥാനമാക്കി ഉള്ളതാണ്. ദേശീയ നവീകരണലൂന്നി സാമൂഹിക മുന്നേറ്റത്തിന്റെ വിജയത്തെ പ്രതിഫലിപ്പിക്കുന്നതാണ് ബിജെപിയുടെ മുന്നേറ്റം എന്നും, പാശ്ചാത്യ ലിബറലിസത്തിന്റെ മിക്ക ആശയങ്ങളും ബിജെപി നിരാകരിക്കുന്നുണ്ടെന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ വ്യക്തമാക്കുന്നു.