സജി ചെറിയാനെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണം: കെ സുരേന്ദ്രന്‍

തിരുവനന്തപുരം/ ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ചുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. മന്ത്രിക്ക് ഒരു നിമിഷം പോലും മന്ത്രിസഭയില്‍ തുടരുവാന്‍ അവകാശമില്ലെന്നും അതുകൊണ്ട് ഉടന്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കമ്മ്യൂണിസ്റ്റുകാരുടെ ഇന്ത്യന്‍ ഭരണഘടനയോടുള്ള അനാദരവാണ് ഇപ്പോള്‍ സജി ചെറിയാന്റെ വാക്കുകളിലൂടെ പുറത്ത് വന്നിരിക്കുന്നത്. കമ്മ്യുണിസ്റ്റ് മാത്രമല്ല കേരളത്തിന്റെ മുഖ്യമന്ത്രി കൂടെയാണ് പിണറായി വിജയന്‍ എന്ന് മനസ്സിലാക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേതെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. ബ്രിട്ടീഷുകാര്‍ പറഞ്ഞത് കൊണ്ട് ഇന്ത്യക്കാരന്‍ എഴുതി വച്ചിരിക്കുകയാണെന്നും. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണിത്. ഇതാണ് 75 വര്‍ഷമായി പിന്തുടരുന്നതെന്നും. ജനാധിപത്യം, മതേതരത്വം എന്നിവ പേരിന് മാത്രമാണ് എഴുതിവച്ചിരിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഐഎം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍.