വിവാദപ്രസംഗം; ബിജെപി നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു. ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ കണ്ടത്. ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരായ പരാതി ഗവര്‍ണര്‍ക്ക് നല്‍കി.

ഇന്ത്യന്‍ ഭരണഘടനയെ പൊതുയോഗത്തില്‍ അധിക്ഷേപിച്ച സജി ചെറിയാന് മന്ത്രയായി തുടരുവാന്‍ പാടില്ലെന്ന് കുമ്മനം പറഞ്ഞു. ഭരണഘടനയില്‍ തൊട്ട് അധികാരത്തിലേറിയ മന്ത്രിക്ക് തെറ്റിന്റെ ഗൗരവം പോലും തിരിച്ചറിയാന്‍ വിവേകമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെടണം. അല്ലാത്തപക്ഷം ഗവര്‍ണര്‍ രാജി ആവശ്യപ്പെടണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

ഭരണഘടനയുടെ ഉള്ളടക്കത്തേയും അതിന്റെ ശില്പിയേയും പറ്റിയുള്ള അജ്ഞതയാണ് ഈ അഭിപ്രായത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഇങ്ങനെയൊരാള്‍ മന്ത്രി പദവിയില്‍ തുടരുന്നത് ജനാധിപത്യത്തിന് കളങ്കമാണെന്നും അദ്ദേഹം പറയുന്നു.

ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേതെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. ബ്രിട്ടീഷുകാര്‍ പറഞ്ഞത് കൊണ്ട് ഇന്ത്യക്കാരന്‍ എഴുതി വച്ചിരിക്കുകയാണെന്നും. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണിത്. ഇതാണ് 75 വര്‍ഷമായി പിന്തുടരുന്നതെന്നും. ജനാധിപത്യം, മതേതരത്വം എന്നിവ പേരിന് മാത്രമാണ് എഴുതിവച്ചിരിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഐഎം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍.