അസമില്‍ വീണ്ടും വെന്നിക്കൊടി പാറിച്ച് ബിജെപി, തരക്കേടില്ലാത്ത നേട്ടവുമായി കോണ്‍ഗ്രസ്

അഭയാര്‍ഥി പ്രശ്നം, പൗരത്വനിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിങ്ങനെ കത്തുന്ന വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ട തിരഞ്ഞെടുപ്പാണ് അസമില്‍ ഇത്തവണ നടന്നത്. അസമിൽ വിജയം ആവര്‍ത്തിച്ച് എന്‍ഡിഎ.  ആകെയുള്ള 126 സീറ്റിൽ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ 73 സീറ്റുകളാണ് നേടിയത്.

നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കുകയും പൊതുവേയുള്ള വലിയ തകര്‍ച്ചയില്‍നിന്ന് ഒരു ആശ്വാസ വിജയം നേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കില്‍ അധികാരം നിലനിര്‍ത്തുകയും കോണ്‍ഗ്രസിനെ ചിത്രത്തില്‍നിന്ന് മായ്ച്ചുകളയുകയും ചെയ്യുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം.

64 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി 52 സീറ്റുകളും. കോണ്‍ഗ്രസ്, എഐയുഡിഎഫ്, ബിപിഎഫ് തുടങ്ങിയ കക്ഷികള്‍ ചേര്‍ന്ന് രൂപവത്കരിച്ച സഖ്യത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ഭരണം ലഭിച്ചെങ്കിലും കോണ്‍ഗ്രസിനെ തൂത്തെറിയാന്‍ ബിജെപിക്ക് സാധിച്ചില്ല എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് 30, എഐയുഡിഎഫ് 16, ബിപിഎഫ് 5, സിപിഐഎം ഒന്ന് എന്നിങ്ങനെയാണ് കോണ്‍ഗ്രസ് സഖ്യം മുന്നിട്ടു നില്‍ക്കുന്ന സീറ്റുകള്‍. കഴിഞ്ഞ തവണ നേടിയ 19 സീറ്റില്‍നിന്നാണ് 11 സീറ്റുകളോളം വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചത്.