ആർഎസ്പി കള്ളക്കേസിൽ കുടുക്കിയെന്ന് അന്ധനായ യുവാവ്; 100 ദിവസത്തോളം ജയിലിൽ കിടത്തി

തെന്മല: ആർഎസ്പി കള്ളക്കേസിൽ കുടുക്കി അന്ധനായ യുവാവിനെ 100 ദിവസത്തോളം ജയിലിൽ കിടത്തിയതായി പരാതി. സിപിഐ യിൽ ചേർന്നതിലുള്ള വൈരാഗ്യത്തിന്റെ ഫലമാണ് ഇടമൺ തെന്മല ഗ്രാമപഞ്ചായത്ത് നിവാസിയായ വിനോദും കുടുംബവും ഇന്ന് അനുഭവിക്കുന്നത്. നിരന്തരമായി തന്നെ കള്ളക്കേസിൽ കുടിക്കുകയും ജയിലിൽ അടയ്ക്കുകയുമാണെന്ന് വിനോദ് പറയുന്നു. പ്രദേശത്തെ ആർഎസ്പി നേതാക്കൾ തന്നെയാണ് ഇതിന് പിന്നിൽ. ആർഎസ്പിയിൽ ഉറച്ചു നിന്നില്ലെങ്കിൽ അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുമെന്ന് വിനോദിന് നേതാക്കളിൾ നിന്ന് ഭീഷണി ഉണ്ടായിരുന്നു.

21/ 10 / 2021 ന് താൻ കുരിശുമലയിൽ നിൽക്കുമ്പോൾ എസ്ഐ ശാലു തന്നെ ഫോണിൽ വിളിക്കുകയും, ഒരു വാഹന അപകടവുമായി ബന്ധപ്പെട്ട് സ്റ്റേയ്റ്റ്മെന്റ് നൽകാനായി സ്റ്റേഷനിൽ എത്തണമെന്നും ആവശ്യപ്പെട്ടു. എന്നാൽ താൻ അപകടം കണ്ടിട്ടില്ലെന്ന് പറഞ്ഞ് വിനോദ് ഒഴിവായി. ഇതോടെ എസ് ഐ സ്ഥലത്തെത്തി വിനോദിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിനോദിനൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു. സ്റ്റേഷനിൽ എത്തിയ ഉടൻ കുറെ പേപ്പറുകളിൽ ഒപ്പിട്ടു വാങ്ങി.

ശേഷം പുറത്തുണ്ടായിരുന്ന സുഹൃത്തിനോട് തിരികെ പോകാനും പോലീസ് ആവശ്യപ്പെട്ടു. പോകാത്ത പക്ഷം സുഹൃത്തിനെയും വിനോദിനൊപ്പം കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. വിനോദ് കാര്യം തിരക്കിയപ്പോൾ ഇടമൺ സ്വദേശിയായ യുവാവിന്റെ മകനെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് എന്ന് പറയുകയുണ്ടായി. എന്നാൽ ഇത് കള്ളക്കേസാണെന്ന് പറഞ്ഞതോടെ കണ്ണിന് പൂർണ്ണമായും കാഴ്ച്ചപോലും ഇല്ലാത്ത വിനോദിനെ പോലീസ് അതി ക്രൂരമായി മർദ്ദിക്കുകയാണ് ഉണ്ടായത്. തുടർന്ന് ജയിൽ വാസവും.

82 ദിവസത്തോളം പൂജപ്പുര സെൻട്രൽ ജയിലിൽ വിനോദ് കഴിഞ്ഞു. ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങി. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ തന്നെ കള്ളക്കേസിൽ കുടുക്കിയതിന് വിനോദ് പരാതി നൽകി. ഇതിലും പ്രതികാര നടപടി ഉണ്ടായി. മാറ്റ് ചില പീഡനകേസ് കൂടി വിനോദിന്റെ പേരിൽ പോലീസ് ചുമത്തി. പീഡനത്തിന് ഇരയായവർ ആരാണെന്ന് പോലും തനിക്ക് അറിയില്ലെന്ന് വിനോദ് പറയുന്നു. തനിക്കും കുടുംബത്തിനും ജീവിക്കാനാകാത്ത അവസ്ഥയാണെന്ന് വിനോദ് പറയുന്നു.