സുജയ പാർവതിക്കെതിരായ നടപടി ; 24 ചാനലിനെതിരെ രണ്ടാംഘട്ട പ്രക്ഷോഭത്തിന് ഒരുങ്ങി ബിഎംഎസ്

എറണാകുളം : സുജയ പാർവതിയെ സസ്പെൻഡ് ചെയ്ത 24 ന്യൂസ് ചാനലിനെതിരെ രണ്ടാംഘട്ട പ്രക്ഷോഭത്തിന് ഒരുങ്ങി ബിഎംഎസ്. ബിഎംഎസ് സംഘടിപ്പിച്ച വനിതാ സംഗമത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് എഡിറ്ററായ സുജയ പാർവതിയെ ചാനലിൽ നിന്ന് സസ്പെൻഡ് ചെയ്തത്. 24 ചാനലിന്റെ എല്ലാ ജില്ലാ ആസ്ഥാനങ്ങൾക്ക് മുന്നിലും വനിതാ ധർണ്ണകൾ സംഘടിപ്പിക്കും.

സുജയ പാർവതിക്കെതിരായ നടപടിയിൽ ട്വന്റി ഫോർ കൊച്ചി കോർപ്പറേറ്റ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്താനും ബിഎംഎസ് തീരുമാനിച്ചിട്ടുണ്ട്. ട്വന്റി ഫോറിന്റെ ലൈവ് റിപ്പോർട്ടിംഗ് സ്ഥലങ്ങളിൽ തൊഴിലാളി പ്രക്ഷോഭങ്ങളും ചാനൽ ബഹിഷ്‌കരണ ക്യാമ്പയിനുകളും സംഘടിപ്പിക്കുമെന്ന് ബിഎംഎസ് പറഞ്ഞു. വനിതാ ദിനത്തോട് അനുബന്ധിച്ച് സംഘടന സംഘടിപ്പിച്ച വനിതാ സമ്മേളനത്തിൽ പങ്കെടുത്ത സുജയ പാർവതി ശബരിമല വിഷയത്തിലും കേന്ദ്രസർക്കാരിനോടുള്ള നിലപാടും തുറന്നുപറഞ്ഞിരുന്നു.

ശബരിമല വിഷയത്തിൽ താൻ എടുത്ത നിലപാടിനെ തുടർന്ന് തൊഴിലിടത്തിൽ അവർക്കുണ്ടായ പ്രശ്നങ്ങളും
സുജയ പാർവതി തുറന്നു പറഞ്ഞിരുന്നു. സമ്മേളനത്തിൽ പങ്കെടുത്തതിന് സുജയ പാർവതിയ്‌ക്ക് നേരെ സ്വീകരിച്ചിരിക്കുന്ന നടപടി ഒരിക്കലും അംഗീകരിക്കാനാകില്ല എന്ന് ബിഎംഎസ് പറഞ്ഞു.