സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയസ് ഫാന്റം സ്വന്തമാക്കാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍. 2010 ല്‍ ട്രംപ് സ്വന്തമാക്കിയ റോള്‍സ് റോയ്സാണ് അധികാരമൊഴിയുന്നതിന് മുന്‍പ് വില്‍പ്പനയ്ക്കായി ലേലത്തില്‍ വെച്ചിരുന്നത്. കാര്‍ സ്വന്തമാക്കുന്നതിനായി ലേലത്തില്‍ പങ്കെടുക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. മൂന്ന് ലക്ഷം ഡോളര്‍ മുതല്‍ നാല് ലക്ഷം ഡോളര്‍ വരെ വിലയാണ് കാറിന് ചോദിക്കുന്നത്. അതായത് ഏകദേശം ഏകദേശം 2.2 കോടി രൂപ മുതല്‍ 2.9 കോടി രൂപ വരെ.
ഓക്ഷന്‍സ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വില കൊടുത്ത് ലേലത്തില്‍ കാര്‍ സ്വന്തമാക്കുന്നയാള്‍ക്ക് ട്രംപിന്റെ ഒരു ഓട്ടോഗ്രാഫും ലഭിക്കും. അതിങ്ങനെയാണ്, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട് കാറാണിത്, ഏറ്റവും മികച്ച് ഒന്ന്. ബെസ്റ്റ് ഓഫ് ലക്ക്. എല്ലാവിധ ആഡംബര സൗകര്യങ്ങളും അടങ്ങിയിട്ടുള്ള കാറില്‍ തീയേറ്റര്‍ പാക്കേജ്, സ്റ്റാര്‍ലൈറ്റ് ഹെഡ്ലൈനര്, ഇലക്ട്രോണിക് കര്ട്ടണ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 56,700 മൈല്‍ (91,249 കിലോമീറ്റര്‍) ദൂരം വരെ കാര്‍ ഓടിയിട്ടുണ്ട്. യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് മുന്‍പ് വരെ ട്രംപ് ഉപയോഗിച്ചിരുന്നത് ഈ 2010 മോഡല്‍ ഫാന്റം റോള്‍സ് റോയ്സാണ്. നിലവില്‍ കാര്‍ ട്രംപിന്റെ ഉടമസ്ഥതയിലല്ല.
കരുത്തേറിയ 6.75 ലിറ്റര്‍ വി12 പെട്രോള്‍ എന്‍ജിനാണ് റോള്‍സ് റോയിസ് ഫാന്റത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 453 ബി.എച്ച്.പി.പവറും 720 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്സ്മിഷന്. 5.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 240 കിലോമീറ്ററാണ്. മികച്ച സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തിലുണ്ട്.