ജാതകം ചേരില്ലെന്ന് പറഞ്ഞ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയ ആൾക്കെതിരായ ബലാത്സംഗ കേസ് പിൻവലിക്കാനാവില്ല; മുംബൈ ഹൈക്കോടതി

ജാതകം ചേരില്ലെന്ന് പറഞ്ഞ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയ ആൾക്കെതിരായ ബലാത്സംഗ കേസ് പിൻവലിക്കാനാവില്ലെന്ന് മുംബൈ ഹൈക്കോടതി. ജസ്റ്റിസ് എസ്‌കെ ഷിൻഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 32 കാരനായ അവിഷേക് മിത്ര നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. തനിക്കെതിരെയുളള ബലാത്സംഗ, വഞ്ചനാ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മിത്ര കോടതിയിൽ ഹർജി നൽകിയിരുന്നു.

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ച ശേഷം വഞ്ചിച്ചെന്ന് ആരോപിച്ച് യുവതി നൽകിയ പരാതിയിൽ ബോറിവ്ലി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ച ശേഷം ബന്ധത്തിൽനിന്നു പിന്മാറിയ ആൾക്കെതിരായ ബലാത്സംഗ കേസ് പിൻവലിക്കാനാവില്ലെന്നും ഷിൻഡെ വ്യക്തമാക്കി.

ഗ്രഹനില ചേരാത്തതുകൊണ്ടാണ് മിത്ര വിവാഹത്തിൽനിന്നു പിൻമാറിയത് എന്നാണ് അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഇത് ബലാത്സംഗ കേസോ വഞ്ചനാ കേസോ അല്ല വാഗ്ദാന ലംഘനം മാത്രമാണ് നടന്നിട്ടുള്ളതെന്നും മിത്രയുടെ അഭിഭാഷകനായ രാജ് താക്കറെ വാദിച്ചു. പ്രതിക്കു പരാതിക്കാരിയെ വിവാഹം ചെയ്യാനുള്ള ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.

2012 മുതൽ പഞ്ചനക്ഷത്ര ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു ഇവർ.പീന്നിട് ഇരുവരും അടുപ്പത്തിലായി. വിവാഹ വാഗ്ദാനം നൽകി പ്രതി പല തവണ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി പറഞ്ഞത്. ഗർഭിണിയായപ്പോൾ വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയും പ്രായമായില്ലെന്നു പറഞ്ഞ് ഇയാൾ ഗർഭഛിദ്രത്തിനു പ്രേരിപ്പിക്കുകയും ചെയ്തു. പിന്നെ അവഗണിച്ചപ്പോളാണ് പോലീസിന് പരാതി നൽകിയത്. പോലീസ് വിളിപ്പിച്ചപ്പോൾ വിവാഹത്തിനു സമ്മതമാണെന്ന് അറിയിച്ച മിത്ര പിന്നീട് ഗ്രഹനിലയുടെ പേരു പറഞ്ഞ് ഒഴിവാകുകയായിരുന്നു.