ബോക്‌സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു

ബോക്‌സിംഗിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്‌സ് മെഡൽ ജേതാവും കോൺഗ്രസ് നേതാവുമായ വിജേന്ദർ സിംഗ് ബിജെപിയിൽ ചേര്‍ന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ദില്ലി നിയോജക മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി സിംഗ് പരാജയപ്പെട്ടിരുന്നു. 2019-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന വിജേന്ദര്‍ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്കയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

ഇത്തവണ അദ്ദേഹം ഹരിയാണയിലെ ഭിവാനി-മഹേന്ദ്രഗഡ് സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മഥുര സീറ്റാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതേ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് വിജേന്ദര്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.

അതേസമയം കേരളത്തിലെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും എഐസിസി അംഗവുമായ കോണ്‍ഗ്രസ് നേതാവ് തങ്കമണി ദിവാകരന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരനില്‍ നിന്നാണ് തങ്കമണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരന്‍.

കോണ്‍ഗ്രസിലുളള സ്ത്രീകള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നതിനാലാണ് തീരുമാനമെന്ന് തങ്കമണി പറഞ്ഞു. കോണ്‍ഗ്രസ് സ്ത്രീകളോട് അവഗണനയാണ് കാണിക്കുന്നത്. 27 വയസ് മുതല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുകയാണ്. തന്നെ പോലെ നിരവധി സ്ത്രീകള്‍ പാര്‍ട്ടിയില്‍ അവഗണിക്കപ്പെടുന്നുണ്ടെന്നും തങ്കമണി പറയുകയുണ്ടായി.