അയല്‍വാസിക്കൊപ്പം കളിക്കാന്‍ പോയ കുട്ടി കുളത്തില്‍ മരിച്ച നിലയില്‍; കൊലപ്പെടുത്തിയതെന്ന് കുടുംബം

കൊല്ലം: തങ്ങളുടെ മകന്റെ മരണം കൊലപാതകം എന്ന ആരോപണവുമായി കൊല്ലം സ്വദേശിയായ മാതാപിതാക്കള്‍. തമിഴ്നാട് നാഗര്‍കോവില്‍ മാതൃവീട്ടില്‍ വച്ച്‌ കാണാതായ കുട്ടിയെ ദിവസങ്ങള്‍ക്ക് ശേഷം സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അയല്‍വാസിയായ പതിനാലുകാരനൊപ്പം കളിക്കാനായി പുറത്തുപോയ ആദിലിനെയാണ് പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം ആറാം തീയതി തമിഴ്നാട് നാഗര്‍കോവില്‍ മാതൃ വീട്ടില്‍ വച്ച്‌ കാണാതായ കുട്ടിയെ മെയ് എട്ടാം തീയതി സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ആദിലിനെ കാണാതായ സമയം തൊട്ട് ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിരുന്നു. മൃതദേഹത്തില്‍ കഴുത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
മരിച്ച കുട്ടി അയല്‍വാസിയായ കുട്ടിയുമായി മൊബൈല്‍ ഗെയിം കളിക്കുന്നത് പതിവായിരുന്നു. ഗെയിം കളിയില്‍ ആദില്‍ സ്ഥിരമായി ജയിക്കുന്നതും മറ്റേ കുട്ടി തോല്‍ക്കുന്നത് പതിവായിരുന്നു. ഇതിന്റെ വൈരാഗ്യം ആദിലിന്റെ മരണത്തിന് കാരണമായോ എന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. മൃതദേഹം കണ്ട കുളത്തിനു സമീപമുള്ള വീടുകളിലെ സിസിടിവി ദൃശ്യങ്ങളില്‍ രണ്ടു കുട്ടികള്‍ നടന്നു പോകുന്ന ദൃശ്യങ്ങളുണ്ട്. കുറേ സമയം കഴിഞ്ഞ് ഒരു കുട്ടി മാത്രം തിരിച്ചുവരുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞു. മരണം കൊലപാതകം എന്ന് ആരോപിക്കുന്ന ബന്ധുക്കള്‍ മരണത്തിലെ ദുരൂഹതകള്‍ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം എന്നും ആവശ്യപ്പെടുന്നു.