കളമശേരിയിൽ 17-കാരന് കൂട്ടുകാരുടെ മർദനം, അവശനായിട്ടും ഡാൻസ് കളിപ്പിച്ചു, വീഡിയോ

കളമശ്ശേരിയിൽ പതിനേഴുകാരനെ ക്രൂരമായി മർദിക്കുന്ന വീഡിയോ സമൂഹ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ ഏഴുപേർക്കെതിരെ കളമശ്ശേരി പൊലീസ് കേസെടുത്തു. പ്രതികളിലൊരാൾ മൊബൈലിൽ പകർത്തിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കേസെടുത്തത്. മർദ്ദിച്ചവരിൽ ഒരാളൊഴികെ മറ്റുള്ളവർ പ്രായപൂർത്തിയാവാത്തവരാണ്.

10 മിനിട്ടോളം വരുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചതിന്റെ പ്രതികാരമാണ് മർദനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നതെങ്കിലും പ്രണയവുമായി ബന്ധപ്പെട്ട വിഷയങ്ങളും മർദനത്തിന് കാരണമായെന്ന് വീഡിയോയിലെ സംസാരത്തിൽ വ്യക്തമാണ്. മർദനമേറ്റ കുട്ടിക്കും മർദിച്ചവർക്കും പ്രായപൂർത്തി ആവാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്.

അവശനായി തളർന്നു വീണ 17കാരനെ നൃത്തം ചെയ്യിപ്പിക്കുന്നതും കൂർത്ത മെറ്റൽ കൂനയിൽ മുട്ടുകുത്തി ഇരുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ക്രൂരമായി മർദിക്കുന്നതും അസഭ്യം പറയുന്നതും കേൾക്കാം. സിനിമാ സ്റ്റൈലിൽ ചാടി ചവിട്ടുന്നതും കാണാം. കൂട്ടത്തിലെ ഏറ്റവും ഇളയവനെ കൊണ്ട് കവിളത്ത് തുടർച്ചയായി അടിപ്പിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. ‘നീ ഇനി ഒരു പെണ്ണിന്റെയും പുറകെ നടക്കില്ല’ എന്ന് പറഞ്ഞ് ഇടിക്കുന്നതും കാണാം.