കൈക്കൂലി കേസ്, ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ പരാതി

ആലപ്പുഴ: കുടുംബത്തിൽ നിന്നും കൈക്കൂലിയായി പണം വാങ്ങിയെന്നും, തുക കുറഞ്ഞതിനാൽ രോഗിയെ നോക്കിയില്ല. ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ രോഗിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനിൽ എന്നയാൾക്കെതിരെയാണ് രോഗിയായ ഹരിപ്പാട് സ്വദേശി അനിമോൻ്റെ ഭാര്യ ബീനയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

കാലിലെ മൈനര്‍ ശസ്ത്രക്രിയയ്ക്ക് മുൻപ് കൈക്കൂലി നൽകിയെന്നും ശസ്ത്രക്രിയക്ക് ശേഷം കൂടുതൽ തുക കൈക്കൂലി ആവശ്യപ്പെട്ടെന്നും പറഞ്ഞ അനിമോൻ്റെ ഭാര്യ ബീന, ഈ തുക നൽകാതിരുന്നതിനാൽ ഡോക്ടര്‍ ഭര്‍ത്താവിനെ തിരിഞ്ഞുനോക്കിയില്ലെന്നും കുറ്റപ്പെടുത്തി. തൻ്റെ ഫീസ് അതല്ലെന്ന് പറഞ്ഞാണ് സൂപ്രണ്ട് കൂടുതൽ തുക ആവശ്യപ്പെട്ടതെന്ന് ബീന പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ബീന പരാതി നൽകിയിട്ടുണ്ട്.

എന്നാൽ ആരോപണം നിഷേധിച്ച് താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനിൽ രംഗത്ത് വന്നു. ശസ്ത്രക്രിയ നടന്നതിൻ്റെ തൊട്ടടുത്ത ദിവസം രാവിലെ മീറ്റിംഗ് ഉണ്ടായിരുന്നുവെന്നും അതിനാലാണ് രോഗിയെ കാണാൻ വൈകിയതെന്നുമാണ് ഡോ സുനിൽ പറയുന്നത്. കൈക്കൂലി വാങ്ങിയെന്ന ആരോപണവും അദ്ദേഹം തള്ളി.