അമ്മമാര്‍ക്കും സഹോദരിമാര്‍ക്കുമെതിരെ അപവാദ പ്രചരണം നടത്തി, ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണം, ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നൽകി ബാബാ രാംദേവ്

ദേശീയ ഗുസ്തി ഫെഡറേഷന്‍ ചെയര്‍മാന്‍ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ബാംബ രാംദേവ്. ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ചുകൊണ്ടായിരുന്നു രാംദേവിന്റെ പ്രതികരണം ഉണ്ടായത്. പ്രായപൂര്‍ത്തിയാ വാത്ത ഒരു കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗി കാതിക്രമത്തിന് ആരോപണം ഉന്നയിച്ചിട്ടുള്ളത്.

ഇത്തരക്കാരെ ഉടൻ അറസ്റ്റ് ചെയ്ത് തടവിലാക്കണം. അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കുമെതിരെ അയാള്‍ അപവാദ പ്രചരണം നടത്തുന്നു. അത് അങ്ങേയറ്റം അപലപനീയമാണ്. എനിക്ക് പറയാനേ കഴിയൂ. അയാളെ ജയിക്കാനാകില്ല – രാംദേവ് പറഞ്ഞു. രാജസ്ഥാനിലെ ഭില്‍വാരയില്‍ നടക്കുന്ന യോഗ് ശിവരില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് രാംദേവ് ആവശ്യപ്പെട്ടത്.

ഇതിനിടെ, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം ബ്രിജ് ഭൂഷന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നടക്കുന്ന വനിതാ മഹാ പഞ്ചായത്തിനായി ഗുസ്തി താരങ്ങള്‍ വനിതാ ജനപ്രതിനിധികളുടെ പിന്തുണ തേടിയിരുന്നു. രാജ്യത്തെ മുഴുവന്‍ അമ്മമാരും സഹോദരിമാരും മഹാപഞ്ചായത്തില്‍ പങ്കെടുക്കണമെന്നാണ് താരങ്ങള്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

സമാധാനപരമായി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനും, ലാത്തി ചാര്‍ജ് ഉണ്ടായാൽ അഹിംസ മാര്‍ഗത്തില്‍ പ്രതിഷേധിക്കാനുമാണ് താരങ്ങൾ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പൊലീസ് മാര്‍ച്ചിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പാര്‍ലമെന്റു വളയുകയും പ്രതിഷേധം കടുപ്പിക്കുമെന്നും താരങ്ങള്‍ അറിയിച്ചിട്ടുണ്ട്.