ബ്രൂസ് ലീ അമിതമായി വെള്ളം കുടിച്ചത് മരണകാരണമെന്ന് പുതിയ പഠനം.

32ാം വയസിൽ ലോകത്തോട് അകാലത്തിൽ വിട പറഞ്ഞ ആയോധനകലാ വിദഗ്ധൻ ബ്രൂസ് ലീയുടെ മരണകാരണത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉണ്ട്. താരത്തിന്റെ മരണത്തെക്കുറിച്ചുള്ള പുതിയ പഠനം ചർച്ചയാവുകയാണ്. ബ്രൂസ് ലീ മരിച്ചത് അമിതമായി വെള്ളം കുടിച്ചതുകൊണ്ടാണെന്നാണ് പുതിയ പഠനം. ‘ക്ലിനിക്കൽ കിഡ്നി ജേർണലിൽ’ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ പുതിയ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രൂസ് ലീ മരിച്ച് ഏകദേശം അരനൂറ്റാണ്ട് പിന്നിടുമ്പോഴാണ് പുതിയ കണ്ടെത്തൽ പുറത്ത് വന്നിരിക്കുന്നത്.

ബ്രൂസ് ലീ 1973 ജൂലൈയിലാണ് മരിക്കുന്നത്. തലച്ചോറിലെ നീർവീക്കം (സെറിബ്രൽ എഡിമ) ബാധിച്ചാണ് ബ്രൂസ് ലീ മരിച്ചതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. അദ്ദേഹം ഉപയോഗിച്ച വേദനസംഹാരികളാണ് ഇതിനുകാരണമെന്നുമായിരുന്നു അപ്പോഴുള്ള നിഗമങ്ങൾ. എന്നാൽ അമിതമായി വെള്ളം കുടിച്ചതിനാൽ വൃക്ക തകരാറിലായാണ് ബ്രൂസ് ലീയുടെ മരണ കാരണമെന്നാണ് പുതിയ പഠനത്തിൽ ഗവേഷകർ ചൂണ്ടികാട്ടുന്നത്.

ബ്രൂസ് ലീ അമിതമായി വെള്ളം കുടിച്ചിരുന്നതിന്റെ ഫലമായി ശരീരത്തിലെ സോഡിയത്തിന്‍റെ അളവ് കുറയുകയും ഇത് ഹൈപ്പോനാട്രീമിയക്ക് കാരണമാവുകയും ചെയ്തു. വൃക്കയുടെ പ്രവർത്തന വൈകല്യം മൂലം കുടിക്കുന്ന വെള്ളത്തിനാനുപാതികമായി മൂത്രത്തിലൂടെ വെള്ളം പുറന്തള്ളാനും കഴിഞ്ഞിരുന്നില്ല. ഹൈപ്പോനാട്രീമിയയാണ് സെറിബ്രൽ എഡിമയിലേക്ക് നയിച്ചതെന്നും പഠനത്തിൽ പറഞ്ഞിരിക്കുന്നു.

ഡയറ്റിന്‍റെ ഭാഗമായി ദ്രാവക രൂപത്തിലുള്ള ഭഷണമായിരുന്നു ബ്രൂസ് ലീ കൂടുതൽ കഴിച്ചിരുന്നത്. ഇത് അദ്ദേഹത്തിന്റെ ഭാര്യ ലിൻഡ തന്നെ പറഞ്ഞിട്ടുണ്ട്. താരത്തിന്റെ ജീവചരിത്രമായ ‘ബ്രൂസ് ലീ: എ ലൈഫ്’ എന്ന പുസ്തകത്തിലും ലീ രോഗബാധിതനാകുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ അമിതമായി വെള്ളം കുടിച്ചിരുന്നതായി എഴുത്തുകാരൻ മാത്യു പോളിയും പറഞ്ഞിരിക്കുന്നു.

2018 ലാണീ പുസ്തകം പുറത്തിറങ്ങിയത്. കഞ്ചാവ് ഉപയോഗിച്ചതും ബ്രൂസ് ലീയുടെ ദാഹം വർധിക്കാൻ കാരണമായെന്നും ഗവേഷകർ പറയുന്നുണ്ട്. ബ്രൂസ് ലീയെ ചൈനീസ് ഗുണ്ടകൾ കൊന്നതാണെന്നും അതല്ല ഹീറ്റ് സ്ട്രോക്കാണെന്നും തുടങ്ങി നിരവധി വാദങ്ങളും ബ്രൂസ് ലിയുടെ മരണത്തിന് പിന്നാലെ ഉയർന്നു വന്നിരുന്നു.