ബഫര്‍ സോണ്‍: കത്തിന് ഒരു മാസമായിട്ടും മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന് രാഹുൽ ഗാന്ധി.

 

തിരുവനന്തപുരം/ ബഫര്‍ സോണ്‍ വിഷയത്തില്‍ ആശങ്ക അറിയിച്ച് താനയച്ച കത്തിന് ഒരു മാസമായിട്ടും മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന് വയനാട് എം പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി, മറുപടി നൽകിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെ യുഡിഎഫ് നടത്തിയ റാലി ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചത്. കത്തയച്ച് ഒരു മാസമായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ കൃത്യമായി മറുപടി നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

ജനാഭിലാഷം അനുസരിച്ച് മുഖ്യമന്ത്രി ഇടപെടണം. അല്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ് ഉണ്ടായി. ‘ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ലെന്നാണ് യുഡിഎഫ് നിലപാട്. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നത് എല്‍ഡിഎഫും മുഖ്യമന്ത്രിയും അവസാനിപ്പിക്കണം. എന്റെ ഓഫിസ് തകര്‍ത്തതുകൊണ്ടൊന്നും കാര്യമില്ല. പന്ത് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കോര്‍ട്ടിലാണ്. കേരളത്തിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നത്.’ രാഹുൽ പറയുകയുണ്ടായി.

‘യുഡിഎഫും കോണ്‍ഗ്രസും മാത്രമല്ല, വയനാട്ടിലെ ജനങ്ങളാകെ ഈ നിലപാടി ലാണെന്നു മുഖ്യമന്ത്രി മനസ്സിലാക്കണം. വയനാട്ടുകാരെ അക്രമത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ പിന്മാറ്റാന്‍ കഴിയില്ല. കര്‍ഷകനിയമങ്ങള്‍ മോദിയെക്കൊണ്ട് പിന്‍വലിപ്പിച്ചതു പോലെ ബഫര്‍ സോണ്‍ പ്രഖ്യാപനവും പിന്‍വലിപ്പിക്കും.’ രാഹുല്‍ പറഞ്ഞു. അതിനിടെ രാഹുല്‍ ഗാന്ധിയുടെ വാദം മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ കത്തിന് മറുപടി നല്‍കിയതായി മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു. ജൂണ്‍ 23ന് മറുപടി നല്‍കിയതിന്റെ കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിടും ഉണ്ടായി.