30 അടിയോളം താഴ്ചയിലേക്ക് പതിച്ച് ബസ്, 19 മരണം, നിരവധി പേർ ഗുരുതരാവസ്ഥയിൽ

മദാരിപൂര്‍ : കൈവരി ഇടിച്ച് തെറിപ്പിച്ച് റോഡ് സൈഡിലെ കുഴിയിലക്ക് ബസ് മറിഞ്ഞ് 19പേർ കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ മദാരിപൂര്‍ ദേശീയ പാതയിൽ ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. അടുത്തിടെ നിര്‍മ്മാണം പൂര്‍ത്തിയായ എക്സ്പ്രസ് വേയുടെ കൈവരിപ്പാത തകര്‍ത്താണ് ബസ് 30 അടിയോളം ആഴത്തിലേക്ക് വീണത്. അപകടത്തില്‍ പരിക്കേറ്റ പന്ത്രണ്ട് പേരുടെ അവസ്ഥ ഗുരുതരമാണ്.

അപകടസമയം നാല്‍പതോളം യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റവരെ ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പന്ത്രണ്ട് പേരുടെ അവസ്ഥ ഗുരുതരമാണ്. ധാക്കയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ നഗരം

ബംഗ്ലാദേശില്‍ റോഡ് അപകടങ്ങള്‍ ദിനം പ്രതി വര്‍ധിക്കുകയാണ്. പഴകിയതും കൃത്യമായ രീതിയില്‍ മെയിന്‍റെനന്‍സ് ചെയ്യാത്തതുമായ വാഹനങ്ങളും റോഡുകളുടെ ശോചനീയാവസ്ഥയും മൂലം അപകടത്തിൽപ്പെടുന്നത് പതിവാണ്. കഴിഞ്ഞ ജൂലൈയില്‍ 400ഓളം പേരാണ് റോഡ് അപകടങ്ങളില്‍ ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടത്. ഇതിന്‍റെ രണ്ട് മടങ്ങാണ് ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം.