മൃതദേഹത്തിന് 7 ദിവസം പഴക്കം, 2 ബാഗുകളില്‍ കണ്ടത് രണ്ടായി മുറിച്ച നിലയില്‍, പ്രതികൾ ഹോട്ടൽ മുറിയിൽ നിന്ന് ട്രോളികൾ കാറിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: അട്ടപ്പാടി ചുരത്തില്‍ നിന്ന് കണ്ടെടുത്ത ട്രോളിയിൽ ഉണ്ടായിരുന്നത് 7 ദിവസം പഴക്കം വരുന്ന മൃതദേഹം. വ്യവസായിയുടെ മൃതദേഹം രണ്ടായി മുറിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. മലപ്പുറം എസ്.പി. സൂരജ് ദാസാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഫര്‍ഹാനയുടെ സുഹൃത്ത് ആഷിക്കിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് രണ്ട് പേരെ ചെന്നൈയില്‍ നിന്നെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ മൂന്ന് പ്രതികളുണ്ടെന്നാണ് കരുതുന്നത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മേയ് 19-ന് പ്രതികൾ മൃതദേഹം ട്രോളി ബാഗിൽ കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മേയ് 19-ന് വൈകീട്ട് 3.09-നും 3.11-നും ഇടയിലാണ് മൃതദേഹം ട്രോളി ബാഗിലാക്കി കാറിൽ കയറ്റി കൊണ്ടുപോയത്. ഇതെല്ലം ചെയ്യുന്നത് ഒരു സ്ത്രീയും പുരുഷനുമാണെന്ന് കാണാനാകും. പുറത്തു നിർത്തിയിരുന്ന കാറിലേക്ക് ആദ്യം ഒരു പുരുഷനും പിന്നീട് ഒരു യുവതിയും ബാ​ഗുകൾ കൊണ്ടു വെക്കുന്നത് ദൃശ്യങ്ങളിൽ കാണാനാകും.

സിദ്ധിക്കിനെ ഈ മാസം പതിനെട്ടിനാണ് കാണാതാകുന്നത്. കുറച്ചു ദിവസങ്ങളായി അദ്ദേഹത്തെ പറ്റി വിവരങ്ങൾ ലഭിക്കാത്തതിനാൽ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. എടിഎം വഴി പണം നഷ്ടമായതായും എല്ലാ ദിവസവും പണം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചിരിക്കുന്നതായും സിദ്ധിക്കിന്റെ മകൻ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു ലക്ഷത്തോളം രൂപ സിദ്ധിക്കിനെ കാണാതായതോടെ അക്കൗണ്ടിൽ നിന്നും നഷ്ട്ടപെട്ടന്ന മകൻ ഷഹദ് പറഞ്ഞു. ഇതോടെ സംശയം ഏറി. പിന്നാലെയാണ് കുടുംബം പോലീസിനെ സമീപിച്ചത്.