വ്യവസായിയുടെ കൊലപാതകം, ചുരത്തിൽ നിന്ന് കണ്ടെത്തിയത് രണ്ട് ട്രോളിബാഗുകള്‍, മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ നിലയിൽ

തിരൂര്‍: തിരൂരിൽ നിന്നു കാണാതായ വ്യാപാരിയുടെ മൃതദേഹം അട്ടപ്പാടി ചുരത്തിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അട്ടപ്പാടി ചുരം ഒന്‍പതാം വളവിന് താഴെ കൊക്കയില്‍ നിന്ന് രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തി. മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ നിലയിലാണ് ബാഗുകള്‍ ഉണ്ടായിരുന്നത്. ഒന്ന് പാറക്കൂട്ടത്തിനിടയിലും മറ്റൊന്ന് വെള്ളത്തിലുമാണുള്ളത്. ഇന്ന് രാവിലെ ഒന്‍പതരയോടെ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ബാഗുകള്‍ പരിശോധിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളുടെ ഹോട്ടലില്‍ ജോലിചെയ്തിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശി ഷിബിലി (22), ഫര്‍ഹാന (18) എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. സിദ്ദിഖിനെ കൊലപ്പെടുത്തിയെന്നും മൃതദേഹം ട്രോളിബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചതായും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഷിബിലി രണ്ടാഴ്ച മുമ്പാണ് പണിക്കെത്തിയത്. എന്നാല്‍ സ്വഭാവ ദൂഷ്യം കാരണം പിന്നീട് ഇയാളെ പറഞ്ഞുവിട്ടു. ഈ മാസം 24 മുതല്‍ സിദ്ദിഖിനെ കാണാനില്ലായിരുന്നുവെന്നു കാണിച്ച് മകന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

അക്കൗണ്ടില്‍നിന്ന് ഒരുലക്ഷം രൂപ പിന്‍വലിച്ചതായി മകന് സന്ദേശം കിട്ടിയതോടെ സംശയംതോന്നി തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തിനടുത്ത ലോഡ്ജില്‍ മുറിയെടുത്തതായി കണ്ടെത്തിയത്. ഇവിടെ ഷിബിലിയും ഫര്‍ഹാനയും മറ്റൊരു മുറിയെടുത്തതായും കണ്ടെത്തി.

സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ഷിബിലിയും ഫര്‍ഹാനയും ട്രോളി ബാഗുമായി പുറത്തേക്ക് പോകുന്നതും കണ്ടിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ സിദ്ദിഖിനെ കൊലപ്പെടുത്തിയെന്നും മൃതദേഹം ട്രോളിബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചതായും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.