ഷംസീറിന്റെ പേര് പോലീസിനോട് വെറുതെ പറഞ്ഞല്ല… ഏരിയാ കമ്മിറ്റി ഓഫീസ് മുന്‍ സെക്രട്ടറിയുടെ ഫോണ്‍ പരിശോധിച്ചാല്‍ പലതും പുറത്തു വരുമെന്ന് സി ഒ ടി നസീർ

ഷംസീറിന്റെ പേര് പോലീസിനോട് വെറുതെ പറഞ്ഞതല്ലെന്ന് സി.ഒ.ടി നസീര്‍. അക്രമിക്കാനുണ്ടായ സാഹചര്യം, പ്രതികളുമായുള്ള ബന്ധം ഇതൊക്കെ അന്വേഷിക്കേണ്ടത് പൊലീസാണ്. പാർട്ടിക്കുള്ളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന് കാലുവെട്ടുമെന്നു ഷംസീര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നസീർ വെളിപ്പെടുത്തി.

ഏരിയാ കമ്മിറ്റി ഓഫീസ് മുന്‍ സെക്രട്ടറിയുടെ ഫോണ്‍ പരിശോധിച്ചാല്‍ ഈ ബന്ധങ്ങള്‍ കിട്ടും. പങ്കില്ലെന്നു പറഞ്ഞിട്ടും പിടിക്കപ്പെടുന്നതും കേസില്‍ ഉള്‍പ്പെടുന്നതുമെല്ലാം പാര്‍ട്ടിക്കാരാണെന്നും സി ഒ ടി നസീർ പറഞ്ഞു.

തലശ്ശേരി സ്‌റ്റേഡിയം നവീകരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിനാണ് എ.എന്‍ ഷംസീര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്.
ആരുപറഞ്ഞിട്ടാണ് ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നു കുണ്ടുചിറയിലെ പൊട്ടി സന്തോഷിനെ ചോദ്യംചെയ്താല്‍ മനസ്സിലാകും. ഇയാള്‍ പറഞ്ഞിട്ടാണ് അക്രമം നടത്തിയതെന്ന് കേസില്‍ അറസ്റ്റിലായ ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും നസീര്‍ പറഞ്ഞു.

തലശ്ശേരി സ്‌റ്റേഡിയം നവീകരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന് അദ്ദേഹത്തിന്റെ ഓഫീസില്‍ വിളിച്ചുവരുത്തി അടിച്ചു കാലുമുറിക്കുമെന്നു ഭീഷണിപ്പെടുത്തി. ഇക്കാര്യം പൊലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.

ക്രമക്കേടുകളെക്കുറിച്ച് ഒരു യോഗത്തില്‍ ആദ്യം ഉന്നയിച്ചതു ഞാനാണ്. രണ്ടാമതും മൂന്നാമതും എഴുന്നേറ്റവരെ സംസാരിക്കാന്‍ വിടാതെ ഇരുത്തി. എന്നോടും ഇരിക്കൂ, അങ്ങനെ സംസാരിക്കാന്‍ പാടില്ലെന്നു പറഞ്ഞിരുന്നു.

അക്രമത്തിലൂടെ എതിരഭിപ്രായങ്ങള്‍ പരിഹരിക്കാമെന്ന ചിന്ത ചിലര്‍ക്കു വളര്‍ന്നുവരുന്നു. ചില നേതാക്കള്‍ക്ക് അവരുടേതായ ഒരു സംഘമുണ്ട്. നേതാക്കള്‍ എടുക്കുന്ന തീരുമാനം കൃത്യമായി നടപ്പാക്കുന്ന ക്വട്ടേഷന്‍ സംഘമാണത്.

വികസനമായാലും മറ്റു കാര്യങ്ങളായാലും കുറച്ചാളുകള്‍ ചേര്‍ന്ന് ആലോചിച്ചാണു നടപ്പിലാക്കുക. എതിരഭിപ്രായം വന്നാല്‍ അവിടെവെച്ചുതന്നെ അതൃപ്തി പറയും. വീണ്ടും ആ അഭിപ്രായം ആവര്‍ത്തിച്ചാല്‍ ഭീഷണിപ്പെടുത്തും. എന്നിട്ടും അനുസരിക്കാത്തവരെ കായികമായി നേരിടും. എന്റെ കാര്യത്തില്‍ സംഭവിച്ചതും അതാണ്.

പാര്‍ട്ടിക്കാര്‍ക്കു വ്യക്തമായ പങ്കുണ്ട്. അതുണ്ടെന്നു തോന്നിയത് കൊണ്ടായിരിക്കുമല്ലോ പാര്‍ട്ടി അന്വേഷണത്തിന് കമ്മീഷനെ വെച്ചത്. പ്രതികളുടെ ബന്ധങ്ങള്‍ പരിശോധിക്കണം.

ഷംസീര്‍ എനിക്ക് അടുത്തറിയാവുന്ന ആളാണ്. ഒരു നിയന്ത്രണവുമില്ലാതെ എന്റെ വീട്ടില്‍ ഇടപഴകിയിരുന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ മാതാവിനു സുഖമില്ലാതെ വരുമ്പോള്‍ ഞാനാണ് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍ ശത്രുവാകുന്നതാണ് എനിക്കു മനസ്സിലാകാത്തതെന്നും നസീർ പറഞ്ഞു.