അൽ വത്ബ കാമൽ റേസ് ഫെസ്റ്റിവലിന് തിങ്കളാഴ്ച തുടക്കമാകും

അബുദാബി : യു.എ.ഇ. യുടെ പൈതൃകക്കാഴ്‌ചകൾ തുറന്നിടുന്ന അൽ വത്ബ കാമൽ റേസ് ഫെസ്റ്റിവലിന് തിങ്കളാഴ്ച തുടക്കമാകും. ഏറെ പുതുമകളോടെ നടക്കുന്ന മത്സരത്തിൽ ഒട്ടേറെ ഒട്ടകങ്ങൾ ഭാഗമാകും. ഒട്ടകങ്ങളുടെ മേലെ ഘടിപ്പിക്കുന്ന പ്രത്യേക റോബോട്ടുകളാണ് അവയെ നയിക്കുക.

14 വരെ അൽ വത്ബ റേസ് ട്രാക്കിലാണ് മത്സരങ്ങൾ നടക്കുക. വിവിധ ജി.സി.സി. രാജ്യങ്ങളിൽ നിന്നുള്ള ഒട്ടകങ്ങളെയാണ് ഇതിനായി എത്തിച്ചിരിക്കുന്നത്. 1980-ൽ യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നേതൃത്വത്തിലാണ് ഒട്ടകയോട്ട മത്സരത്തിന് തുടക്കം കുറിക്കുന്നത്.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ നടക്കുക.