
വിവാഹനിശ്ചയം കഴിഞ്ഞെന്നു കരുതി വിവാഹിതരാകുമെന്ന ഉറപ്പില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു വിധേയമാക്കാമെന്നും ആരും കരുതേണ്ട. വിവാഹിതരാകുമെന്ന ഉറപ്പില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് ജാമ്യം നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.
യുവതിയുടെ മൊഴിയനുസരിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് വിവാഹിതരാകുമെന്ന ഉറപ്പിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹനിശ്ചയം കഴിഞ്ഞതിന്റെ പേരില്‍ നിര്‍ബന്ധിത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനോ മര്‍ദിക്കാനോ അവകാശമില്ലെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി പറഞ്ഞു. ഈ കേസില്‍ നിര്‍ബന്ധിത ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയും ഗര്‍ഭഛിദ്രത്തിനു ഗുളികകള്‍ നല്‍കുകയും ചെയ്തതായും പെണ്‍കുട്ടിയെ മര്‍ദിച്ചിരുന്നതായും യുവതിയുടെ അഭിഭാഷക വാദിച്ചു.
എന്നാല്‍ പ്രതിയും കുടുംബാംഗങ്ങളും വിവാഹത്തിനു വിസമ്മതിച്ചതിനു പിന്നാലെയാണ് ഈ കേസ് നിലവില്‍ വന്നതെന്നും ഇതിനു മുന്‍പ് നല്‍കിയ പരാതിയില്‍ ബലാത്സംഗമോ ലൈംഗികാതിക്രമോ ഇല്ലായിരുന്നുവെന്നാണ് ഹര്‍ജിക്കാരന്റെ വാദം. അവിവാഹിതയായ സ്ത്രീ തന്റെ അഭിമാനത്തെയോര്‍ത്ത് ലൈംഗികബന്ധത്തിന്റെ തെളിവുകള്‍ സൂക്ഷിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു തെളിവില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളി. കേസില്‍ കോടതിനടപടികള്‍ ആരംഭിക്കാത്ത സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.