Home health ബ്രെയിന്‍ മൊത്തം സ്‌പ്രെഡ് ആയിപ്പോയി, 14 ദിവസത്തിനപ്പുറം ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍, വിധിയെ തിരുത്തി സ്മിത

ബ്രെയിന്‍ മൊത്തം സ്‌പ്രെഡ് ആയിപ്പോയി, 14 ദിവസത്തിനപ്പുറം ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍, വിധിയെ തിരുത്തി സ്മിത

കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോഴേ പലര്‍ക്കും ഭയമാണ്. എന്നാല്‍ ഈ മഹാവ്യാധിയെ പൊരുതി തോല്‍പ്പിക്കുന്നവരുമുണ്ട്. എന്നാല്‍ തിരുവനന്തപുരം സ്വദേശിയും ഇപ്പോള്‍ യുഎഇയില്‍ താമസക്കാരിയുമായി സ്മിത മോഹന്‍ദാസ് വിധിയെ പോലും തിരുത്തിയാണ് ജീവിതത്തിലേക്ക് മടങ്ങി എത്തിയത്. ബ്രെയിന്‍ മുഴുവന്‍ കാന്‍സര്‍ ആണെന്നും 14 ദിവസത്തിനപ്പുറം ജീവിക്കില്ലെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതിയിടത്ത് നിന്നാണ് സ്മിത തന്റെ ജീവിതം തിരികെ പിടിക്കുന്നത്. ഒരു മാധ്യമത്തിന്റെ പ്രത്യേക പരിപാടിയില്‍ തന്റെ ജീവിതം തുറന്ന് പറഞ്ഞിരിക്കുകയാണ് യുവതി.

1996 ഡിസംബറില്‍ ആയിരുന്ന സ്മിതയുടെയും മോഹന്റെയും വിവാഹം. യുഎഇയിലായിരുന്നു മോഹന് ജോലി. ഭര്‍ത്താവിനൊപ്പം യുഎഇയില്‍ ഒരുമിച്ച് താമസിക്കണമെന്ന ആഗ്രഹം കാന്‍സര്‍ തട്ടി തെറിപ്പിക്കുകയായിരുന്നു. മജ്ജ മാറ്റിവയ്ക്കാതെ മറ്റ് വഴികള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാത്രമല്ല 14 ദിവസത്തിനപ്പുറം ആയുസില്ലെന്നും പല ഡോക്ടര്‍മാരും പറഞ്ഞു. ഇപ്പോള്‍ 20 വര്‍ഷത്തോളമായി യുഎഇയില്‍ നിന്നു ലഭിക്കുന്ന സൗജന്യ ചികിത്സയിലൂടെ സ്മിത ജീവിതം തിരിച്ചു പിടിച്ചിരിക്കുകയാണ്.

‘ബ്രെയിന്‍ മൊത്തം സ്‌പ്രെഡ് ആയിപ്പോയി, ഇനി ഒന്നും ചെയ്യാനില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. കാന്‍സര്‍ ആണെന്നറിഞ്ഞ സമയത്ത് ഉറക്കം ഇല്ലായിരുന്നു. മൂന്നു മാസമെങ്കിലും രാത്രിയും പകലും ഉറങ്ങാനാവാതെ ഇരുന്നിട്ടുണ്ട്. ഇരുട്ടിനെ പേടി അങ്ങനെ ഒരു അവസ്ഥ ആയിരുന്നു. ട്രീറ്റ്‌മെന്റിനായി ഡോക്ടറെ കണ്ടപ്പോള്‍തന്നെ ഡോക്ടര്‍ക്ക് മനസ്സിലായി മെന്റലി ഞാന്‍ വീക്ക് ആണെന്ന്. അതുകൊണ്ടുതന്നെ ആദ്യം ഡോക്ടര്‍ എന്നെ വിടുന്നതുതന്നെ മെന്റല്‍ ഹോസ്പിറ്റലിലേക്കാണ്. അച്ഛന്‍ അക്കാലത്ത് ദുബായിയില്‍ ആയിരുന്നു ജോലി. എന്റെ രോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അച്ഛന്‍ ദുബായിലെ ആശുപത്രികളിലേക്ക് അയച്ചു. അങ്ങനെയാണ് രോഗമുക്തി സ്വപ്നം കണ്ട് ഞാന്‍ 2000ല്‍ ദുബായിലേക്ക് എത്തിയത്. ചികിത്സ തുടങ്ങിയ നാളുകളിലായിരുന്നു യുഎഇ രാഷ്ട്രപിതാവും അന്നത്തെ യുഎഇ പ്രസിഡന്റുമായിരുന്ന ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാന്റെ ആ വലിയ പ്രഖ്യാപനം ‘വിദേശികളായവര്‍ക്ക് കാന്‍സര്‍ ചികിത്സ സൗജന്യമായി കൊടുക്കുന്നു’.

21 വര്‍ഷമായി യുഎഇ ല്‍ ചികിത്സ നടത്തുകയാണ്. ഇതുവരെ 15 കോടിയില്‍ അധികം രൂപയുടെ ചികിത്സ അവര്‍ തന്നിട്ടുണ്ട്. ഇപ്പോഴും ഏകദേശം രണ്ടു ലക്ഷം രൂപയുടെ ട്രീറ്റ്‌മെന്റ് ഓരോ മാസവും നടന്നുകൊണ്ടിരിക്കുന്നു. പ്ലേറ്റ്‌ലറ്റ് പ്രശ്‌നങ്ങളാലും പ്രതിരോധശേഷി തീരെ കുറവുള്ളതിനാലുമുള്ള ചികിത്സകളാണ് ഇപ്പോള്‍ ഓരോ മാസവും നടത്തുന്നത്. ആര്‍ക്കെങ്കിലുമൊക്കെ ഈ രോഗമാണെന്നറിഞ്ഞാല്‍ അവരുമായി ബന്ധപ്പെടാറുണ്ടെന്നും അവര്‍ക്കു വേണ്ട മെന്റല്‍ സപ്പോര്‍ട്ട് കൊടുക്കാറുണ്ടെന്നും സ്മിത പറയുന്നു. ഇവിടെ വരുന്ന കുട്ടികളുമായി ഒന്നിച്ചിരിക്കുകയും ഡാന്‍സ് പാട്ട് ഇവയൊക്കെ അവരെ പഠിപ്പിച്ചും എല്ലാ സമയവും എന്‍ഗേജ്ഡ് ആണിപ്പോള്‍.-സ്മിത പറഞ്ഞു.