ആകെ എട്ട് സ്ഥാനാര്‍ത്ഥികള്‍; തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു

തെഞ്ഞെടുപ്പ് ചൂടിലേറി തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു. ആകെ എട്ട് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം പൂര്‍ത്തിയായി. സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്‍ ജോമോന്‍ ജോസഫും മത്സരരംഗത്തുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഉമ തോമസ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ഡോ.ജോ.ജോസഫ്, ബി.ജെ.പി സ്ഥാനാര്‍ഥിയായി എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മൂന്ന് മുന്നണികളുടെ സ്ഥനാര്‍ഥികളായിട്ടുള്ളത്.

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയില്‍ പത്ത് പേരുടെ പത്രികകള്‍ തള്ളിയിരുന്നു.പരിശോധന സമയത്ത് ഉയര്‍ന്ന ആക്ഷേപങ്ങള്‍ തള്ളിയാണ് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികകള്‍ അംഗീകരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ അപരന്‍ ജോമോന്‍ ജോസഫിന്റെ പത്രികയും സ്വീകരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനത്തിന്റേത് ഉള്‍പ്പെടെ 10 പേരുടെ നാമനിര്‍ദേശപത്രികകളാണ് തള്ളിയത്. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അയോഗ്യത നിലനില്‍ക്കുന്നതാണ് ജോണ്‍ പെരുവന്താനത്തിന്റെ പത്രിക തള്ളാന്‍ കാരണം.

എല്‍ഡിഎഫിന്റെ മൂന്ന് സെറ്റ് പത്രിക, യുഡിഎഫിന്റെ മൂന്ന് സെറ്റ്, എന്‍ഡിഎയുടെ രണ്ട് സെറ്റ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആകെ 18 പത്രികകളാണ് സമര്‍പ്പിച്ചിരുന്നത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ജോ ജോസഫിന്റെ അപരനെയും കൂടാതെ അനില്‍ നായര്‍, ബോസ്‌കോ കളമശേരി, മന്മഥന്‍, സിപി ദിലീപ് നായര്‍ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവര്‍.