ബഹ്‌റൈനില്‍ വാഹനാപകടം, 4 മലയാളികളടക്കം 5 പേര്‍ മരിച്ചു

മനാമ: ബഹ്‌റൈനിൽ ഉണ്ടായ കാറപകടത്തിൽ 4 മലയാളികളടക്കം 5 പേര്‍ മരിച്ചു. ബഹ്‌റൈനിലെ ആലിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ പ്രാദേശിക സമയം രാത്രി പത്തു മണിയോടെയായിരുന്നു അപകടം. മരിച്ചവരെല്ലാം മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്.

ഓണാഘോഷം കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് മടങ്ങവെ ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അഖില്‍, ഖൈതര്‍ ജോര്‍ജ്, ജഗത്, മഹേഷ്‌ കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തൃക്കരിപ്പൂര്‍ സ്വദേശി അഖില്‍ രഘു എന്നിവരാണ് മരിച്ച മലയാളികള്‍.

തെലങ്കാന സ്വദേശി സുമന്‍ രാജണ്ണയാണ് മരിച്ച അഞ്ചാമന്‍. മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.