കത്തോലിക്ക സഭയിലെ മുതിർന്ന കർദിനാൾ ഇനി ഇരുമ്പഴിക്കുള്ളിൽ; തടവ് ശിക്ഷ അൾത്താര ബാലനെ പീഡിപ്പിച്ച കേസിൽ

വത്തിക്കാന്‍: അൾത്താര ബാലൻമാരെ പീഡിപ്പിച്ച കേസിൽ കത്തോലിക്ക സഭയിലെ ഉന്നതനായ മെത്രാന് ആറ് വർഷം തടവ്. പോപ് ഫ്രാൻസിസ് കഴിഞ്ഞാൽ കത്തോലിക്ക സഭയിലെ ഏറ്റവും ഉന്നതനെന്നു വിലയിരുത്തിയിരുന്ന കർദിനാൾ ജോർജ് പെല്ലിനാണ് തടവ് ശിക്ഷ ലഭിച്ചത്. കഴിഞ്ഞ ഡിസംബറിൽ ഇയാൾകുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 30 വർഷം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

മെൽബണിലെ സഭയിൽ വികാരിയായിരിക്കെയാണ് ജോർജ് പെൽ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത്. പള്ളിയിലെ അൾത്താര ബാലനെ പെൽ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഓസ്ട്രേലിയൻ കോടതിയാണ് ഇയാളെ ശിക്ഷിച്ചുകൊണ്ട് ഉത്തരവിട്ടത്. പ്രായം കണക്കിലെടുത്ത് ശിക്ഷാ കാലാവധിക്കിടെ മൂന്നുവര്‍ഷവും എട്ട് മാസവും പരോളില്‍ കഴിയാനും കോടതി അനുവദിച്ചിട്ടുണ്ട്. ജോര്‍ജ് പെല്ലിന്‍റെ കുറ്റങ്ങള്‍ കാലങ്ങളോളം നീണ്ടുനില്‍ക്കുന്ന മുറിവാണ് കുട്ടികളിലുണ്ടാക്കിയതെന്ന് ശിക്ഷ വിധിച്ചുകൊണ്ട് മെല്‍ബണ്‍ കൗണ്ടി കോടതി ജഡ്ജി കിഡ് പറഞ്ഞു.

അടുത്ത മാർപ്പാപ്പയായി പോലും പരിഗണിക്കപ്പെട്ടിരുന്ന ആളാണ് ജോർജ് പെൽ. കത്തോലിക്ക സഭയിൽ ഉന്നത സ്ഥാനം വഹിക്കുന്ന കർദിനാൾ ലൈംഗികാരോപണ കേസിൽ ശിക്ഷിക്കപ്പെട്ടത് സഭയ്ക്ക് കനത്ത ആഘാതമായിരിക്കുകയാണ്.