കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം; എല്‍ ഡി എഫ്, യു ഡി എഫ് പ്രവര്‍ത്തകരായ 400 പേര്‍കെതിരെ കേസ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കുറ്റിച്ചിറയില്‍ എല്‍ ഡി എഫ്, യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ എല്‍ ഡി എഫ്, യു ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും സംഘര്‍ഷമുണ്ടാക്കിയതിനും കണ്ടാലറിയാവുന്ന 400 പേര്‍ക്കെതിരെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തത്.

കഴിഞ്ഞദിവസമാണ് കുറ്റിച്ചിറയില്‍ കൊട്ടിക്കലാശത്തിനെത്തിയ എല്‍ ഡി എഫ്-യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കൊട്ടിക്കലാശത്തിനും റാലികള്‍ക്കും അനുമതി നല്‍കിയിരുന്നില്ലെങ്കിലും പ്രവര്‍ത്തകര്‍ ഒത്തുകൂടുകയായിരുന്നു. റാലികള്‍ ഒരുമിച്ചെത്തിയതോടെ ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ ആദ്യം ഉന്തും തള്ളുമുണ്ടായി. പിന്നാലെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും ഉടലെടുത്തു. സംഘര്‍ഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഹലന്‍ റോഷന് തലയ്ക്ക് പരിക്കേറ്റു.

ഇരുഭാഗത്തും നൂറുകണക്കിന് പ്രവര്‍ത്തകരുണ്ടായതിനാല്‍ ഏറെ പണിപ്പെട്ടാണ് പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. അരമണിക്കൂറോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. പിന്നീട് പൊലീസ് ലാത്തിവീശി രംഗം ശാന്തമാക്കുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് കുറ്റിച്ചിറയിലെ പ്രചരണം നാലരയോടെ പൊലീസ് നിര്‍ത്തിവെപ്പിച്ചിരുന്നു.