ഫ്‌ലാറ്റ് പൊളിക്കല്‍ പകര്‍ത്താന്‍ ടോയിലറ്റില്‍ ഒളിച്ചിരുന്ന ക്യാമറാമാനും റിപ്പോര്‍ട്ടര്‍ക്കും ഒടുവിൽ സംഭവിച്ചത്

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി അടുത്തുള്ള കെട്ടിടത്തിലെ കക്കൂസില്‍ കയറി ഒളിച്ചിരുന്ന് ചിത്രം പകര്‍ത്തിയ മാതൃഭൂമിയുടെ നടപടി വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഇപ്പോള്‍ ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ചാനലിലെ ക്യാമറാമാനും റിപ്പോര്‍ട്ടര്‍ക്കും മുട്ടന്‍ പണി കിട്ടിയിരിക്കുകയാണ്. ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മറികടന്ന് റിപ്പോര്‍ട്ട് ചെയ്തതിനാണ് റിപ്പോര്‍ട്ടര്‍ ബിജു പങ്കജിനും ക്യാമറാമാന്‍ ബിനു തോമസിനുമെതിരെ പനങ്ങാട് പൊലീസ് കേസെടുത്തത്. ഐ പി സി 188 പ്രകാരമാണ് കേസ്.

ശനിയാഴ്ച എച്ച് ടു ഒ ഫ്ളാറ്റ്, ആല്‍ഫ സെറീന്‍ ഇരട്ട സമുച്ചങ്ങള്‍ എന്നിവ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നത് ഒരേ ഫ്രെയിമില്‍ ഒപ്പിയെടുക്കാന്‍ വേണ്ടി ചാനലിലെ ക്യാമറാമാനും റിപ്പോര്‍ട്ടറും തലേന്ന് രാത്രി തന്നെ സമീപത്തെ കെട്ടിടത്തിലെ കക്കൂസില്‍ ഒളിച്ചിരിക്കുകയായിരുന്നു.

പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് കയറിയതെന്നും രാവിലെ കെട്ടിടം പരിശോധിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കക്കൂസില്‍ തിരയാത്തതിനാല്‍ തങ്ങളെ കണ്ടെത്താനായില്ലെന്നും വാര്‍ത്തയില്‍ റിപ്പോര്‍ട്ടര്‍ പറയുന്നുണ്ട്. മാതൃഭൂമിയുടെ റിപ്പോര്‍ട്ടിംഗിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക ട്രോളുകളും ഉയര്‍ന്നിരുന്നു.

അതേസമയം മരടില്‍ പൊളിക്കാനിരിക്കുന്ന അവസാന ഫ്ലാറ്റായ ഗോള്‍ഡന്‍ കായലോരവും നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തതോടെ സുപ്രീംകോടതി വിധി നടപ്പാക്കി സര്‍ക്കാര്‍. കൃത്യവും ശാസ്ത്രീയവുമായി ഫ്ളാറ്റ് പൊളിച്ചതിലൂടെ നടപടിക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരും കൈയ്യടി നേടി.

നേരത്തെ പ്രഖ്യാപിച്ചതിലും വൈകിയാണ് സൈറണ്‍ മുഴങ്ങിയതെങ്കിലും കൃത്യമായ തരത്തില്‍ തന്നെ കെട്ടിടെ പൊളിഞ്ഞുവീണു. എഡിഫസ് എന്‍ജിനിയറിങ് കമ്ബനിയാണ് ഫ്ലാറ്റ് പൊളിക്കുന്നത്. ഗോള്‍ഡന്‍ കായലോരത്ത് 40 അപ്പാര്‍ട്ട്മന്റുകളാണുള്ളത്.

ഇന്നലെ രാവിലെ 11 മണിക്ക് 122 അപ്പാര്‍ട്ട്മന്റെുകളുള്ള ജെയ്ന്‍ കോറല്‍കോവില്‍ പൊളിച്ചിരുന്നു. 72.8 കിലോ സ്ഫോടക വസ്തുക്കളാണ് ജെയ്ന്‍ കോറല്‍കോവില്‍ നിറച്ചിരുന്നത്. കെട്ടിടം 49 ഡിഗ്രി ചെരിഞ്ഞ് പുറകിലേക്കാണ് വീണത്. 26,400 ടണ്‍ അവശിഷ്ടങ്ങളുണ്ടായി. 17 നില തകരാനെടുത്തത് 9 സെക്കന്റാണ്.

ശനിയാഴ്ച രാവിലെ 11.17ന് നടന്ന ആദ്യ നിയന്ത്രിത സ്ഫോടനത്തില്‍ കുണ്ടന്നൂര്‍-തേവര മേല്‍പാലത്തിനുസമീപത്തെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ എന്ന ആദ്യ ഫ്ലാറ്റ് നിലം പതിച്ചിരുന്നു. 11.42ന് കായലിന് എതിര്‍വശത്തെ ആല്‍ഫ സെറീന്റെ രണ്ടാം ടവറും 11.43ന് ഒന്നാം ടവറും തരിപ്പണമായി. ഇന്ത്യയില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത ഏറ്റവും വലിയ കെട്ടിടമെന്ന റെക്കോഡാണ് ഹോളിഫെയ്ത്ത് നേടിയത്. നേരത്തേ ഇത് ചെന്നൈ മൗലിവാക്കത്തെ 11 നില കെട്ടിടത്തിനായിരുന്നു.

ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നതാണ് തങ്ങള്‍ക്കു മുന്നിലെ വെല്ലുവിളിയെന്ന് ഫ്ളാറ്റ് പൊളിക്കാന്‍ കരാറുള്ള എഡിഫസ് എന്‍ജിനീയറിംഗിന്റെ ദക്ഷിണാഫ്രിക്കന്‍ പങ്കാളികളായ ജെറ്റ് ഡിമോളിഷന്‍സ് സി.ഇ.ഒ ജോ ബ്രിങ്ക്മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. താരതമ്യേന ചെറിയ കെട്ടിടമാണെങ്കിലും മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായാണ് ഗോള്‍ഡന്‍ കായലോരം തകര്‍ക്കുകയെന്നും കെട്ടിടത്തിന് തൊട്ടടുത്തായി അങ്കണ്‍വാടി കെട്ടിടമുണ്ട് എന്നതിനാല്‍ കെട്ടിടം തകര്‍ക്കല്‍ വെല്ലുവിളിയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. തകര്‍ച്ചാ ഭീഷണി ഒഴിവാക്കാന്‍ കെട്ടിടത്തിന്റെ ചെറിയ ഭാഗം ഒരു വശത്തേക്കും വലിയ ഭാഗം മറുവശത്തേക്കും തകര്‍ന്നുവീഴുന്ന രീതിയിലായിരുന്നു ക്രമീകരണം. വെള്ളച്ചാട്ടം പോലെ ഗോള്‍ഡന്‍ കായലോരം തകര്‍ക്കുക വ്യത്യസ്ത രീതിയിലായിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നാല് മണിവരെ പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ട്. പ്രത്യേക ഡിസൈനാണ് ഗോള്‍ഡന്‍ കായലോരം തകര്‍ക്കുന്നതിന് വേണ്ടി ഒരുക്കിയിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു. ഫ്ലാറ്റിന് സമീപത്ത് നില്‍ക്കുന്ന അങ്കണവാടി അടക്കം പൂര്‍ണ്ണമായും സംരക്ഷിക്കുന്ന വിധത്തിലാകും സ്ഫോടനം എന്നാണ് അവകാശ വാദം. ഇരുന്നൂറ് മീറ്റര്‍ പരിധിയില്‍ നിന്ന് എല്ലാവരെയും പൂര്‍ണ്ണമായും ഒഴിപ്പിച്ചാണ് സ്ഫോടനം.