ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറി; എംവിഐക്കെതിരെ കേസ്

മലപ്പുറം. യുവതിയോട് മോശമായി പെരുമാറിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്. മലപ്പുറം മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ബിജുവിനെതിരേയാണ് കേസ്. ഡ്രൈവിങ് ടെസ്റ്റിനിടെ മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവത്തില്‍ മലപ്പുറം വനിതാ പോലീസ് കേസെടുത്തു. പോലീസ് കേസ് എടുത്തതോടെ പ്രതിയായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഒളിവിലാണ്. ഈ മാസം 17നായിരുന്നു കേസിലേക്ക് നയിച്ച സംഭവം.

റോഡ് ടെസ്റ്റ് നടക്കുമ്പോള്‍ പ്രതി യുവതിയോട് മോശമായി പെരുമാറിയെന്നാണ് പാരതി. വാഹനത്തിന് ഉള്ളില്‍ വെച്ച് ബിജു ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് യുവതി പറയുന്നു. ടെസ്റ്റ് പൂര്‍ത്തിയായ ഉടനെ പോലീസില്‍ യുവതി പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ പ്രതി ഒളിവിലാണ്. ഇയാള്‍ക്കെതിരെ സമാന ആരോപണം മുമ്പും ഉണ്ടായിട്ടുണ്ട്.