ദുർഗാദേവിയെ അപമാനിച്ചത്, വനിതാ ഫോട്ടോഗ്രഫർക്കെതിരെ കേസ്

കൊച്ചി: ദുർഗ്ഗാദേവിയെ അപമാനിക്കുന്ന തരത്തിൽ ഫോട്ടോ ഷൂട്ട് നടത്തിയെന്ന പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. ആലുവ സ്വദേശിനിയായ ഫോട്ടോഗ്രഫർക്കെതിരെയാണ് കേസ്. ഹിന്ദു ഐക്യവേദിയുടെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി.

ആലുവ സ്വദേശി ദിയ ജോൺസണെതിരെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി കേസ് എടുത്തത്. ലഹരി വസ്തുക്കളും മദ്യക്കുപ്പിയും കൈവശം വെച്ച് നവരാത്രി തീമിൽ ഒരുക്കിയ ഫോട്ടോ ഷൂട്ടാണ് വിവാദത്തിലായത്. കേസ് എടുത്തതിന് പിന്നാലെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽനിന്ന് ഫോട്ടോ നീക്കം ചെയ്തു. വിശ്വാസികൾക്കുണ്ടായ വേദനയിൽ ഖേദം പ്രകടിപ്പിക്കുന്നതായി ദിയ ജോൺസൺ പ്രതികരിച്ചു.

മോഡലിനെതിരെ പരാതി എടുക്കണോയെന്ന് പരിശോധിച്ചശേഷം തീരുമാനിക്കും. മടിയിൽ മദ്യവും കഞ്ചാവും വച്ചിരിക്കുന്ന തരത്തിൽ ദുർഗ ദേവിയെ ചിത്രീകരിച്ചു എന്നാണു പരാതി. അതേസമയം നവരാത്രി തീമിൽ ചെയ്ത ഫോട്ടോ ഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചത് മനസിലാക്കുന്നെന്നും നിർവ്യാജം ഖേദിക്കുന്നെന്നും യുവതി അറിയിച്ചു.

ഏതെങ്കിലും മതത്തെ വേദനിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്തതെന്നും അവർ പറഞ്ഞു. നവരാത്രിയോട് അനുബന്ധിച്ച് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച ചിത്രത്തിനെതിരെ കടുത്ത ആക്രമണമാണ് ഉണ്ടായിട്ടുള്ളത്.

നവരാത്രി തീമിൽ ഞങ്ങളുടെ ടീം ചെയ്ത ഫോട്ടോഷൂട്ട് ഒരുപാട് വിശ്വാസികളെ മാനസികമായി വേദനപ്പിച്ചു എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഏതെങ്കിലും മതത്തെ വേദനപ്പിക്കണം എന്നുള്ള ഒരു ഉദ്ദേശവും ഞങ്ങൾക്ക് ഇല്ലായിരുന്നു. ഏതെങ്കിലും വിധത്തിൽ ഇൗ ചിത്രങ്ങൾ മത വിശ്വാസികളെ വേദനപ്പിചിട്ടുണ്ടെങ്കിൽ നിർവാജ്യം ഖേദിക്കുന്നുവെന്ന് യുവതി ഫേസ്ബുക്കിൽ കുറിച്ചു.