നടിയുടെ പരാതിയില്‍ നടപടി സ്വീകരിക്കുന്നതിനായി ‘അമ്മ’ നാളെ യോഗം ചേരും

കൊച്ചി∙ നടനും നിര്‍മാതാവുമായ വിജയ് ബാബു ലൈംഗികമായി പീഡിപ്പിച്ചെന്ന പുതുമുഖ നടിയുടെ പരാതിയില്‍ നടപടി സ്വീകരിക്കുന്നതിനായി താരസംഘടന ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി നാളെ യോഗം ചേരും. അമ്മയുടെ നിയമാവലി ഭേതഗതി ചെയ്ത ശേഷമുള്ള ആദ്യ സംഭവമാണ് എന്നതും ശ്രദ്ധേയമാണ്.

സമിതിയുടെ ശുപാര്‍ശ എക്സിക്യൂട്ടീവ് കമ്മിറ്റിക്കു കൈമാറിയതായി അധ്യക്ഷ ശ്വേത മേനോന്‍ വെളിപ്പെടുത്തി. എന്നാല്‍ ശുപാര്‍ശ എന്താണെന്നുള്ളതു വെളിപ്പെടുത്താന്‍ തയാറായില്ല. നടി പരാതി നല്‍കിയതിനു പിന്നാലെ 27നു തന്നെ ആഭ്യന്തര പ്രശ്നപരിഹാര സമിതി അടിയന്തരമായി ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നിരുന്നു.

തുടര്‍ന്നു മൂന്നു തവണ കൂടി യോഗം കൂടിയ ശേഷമാണ് ഇന്ന് അന്തിമ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. നാളെ വൈകിട്ട് ആറുമണിക്കു കൊച്ചിയില്‍ ചേരുന്ന കമ്മിറ്റിക്കു ശേഷം തീരുമാനം അറിയിക്കും എന്ന് അവര്‍ പറഞ്ഞു.