വിരാട് കോലിയുടെ പബിനെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്, സമയപരിധി ലംഘിച്ച് പ്രവർത്തിച്ചു

ബംഗളൂരു : ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയുടെ സഹ ഉടമസ്ഥതയിലുള്ള പബിനെതിരെ കേസെടുത്ത് പൊലീസ്. അനുവദനീയമായ സമയപരിധി ലംഘിച്ച് പ്രവ‌ർത്തിച്ചതിനാണ് കൊഹ്‌ലിയുടെ വൺ8 കമ്യൂൺ പബിനെതിരെ കേസെടുത്തത്. വൺ8 കമ്യൂണടക്കം നാല് പബുകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ജൂലൈ 6ന് രാത്രി ഒന്നരയോടെ കബൺ പാർക്ക് സബ് ഇൻസ്പെക്ടർ നടത്തിയ മിന്നൽ പരിശോധനയിലാണ് ചില പബുകൾ സമയ പരിധി ലംഘിച്ച് പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ്, പബ് മാനേജർക്കെതിരെ എഫ്ഐആർ രജിസ്ടർ ചെയ്തിട്ടുണ്ട്.

ഡൽഹിയിലും മുംബൈയിലും വിജയകരമായതിന്റെ പിന്നാലെയാണ് വിരാട് കോലിയുടെ സഹഉടമസ്ഥതയിലുള്ള വൺ8 കമ്യൂൺ കഴിഞ്ഞ വർഷം ഡിസംബറിൽ ബെംഗളൂരു നഗരത്തിലും പബ് ആരംഭിച്ചത്. തനിക്കേറെ പ്രിയപ്പെട്ട നഗരമാണ് ബെംഗളൂരുവെന്നും അതിനാലാണ് നഗരത്തിൽ പബ് ആരംഭിക്കുന്നതെന്നുമാണ് വിരാട് കോലി നേരത്തെ പറഞ്ഞത്. ബെംഗളൂരുവിന് പിന്നാലെ ഹൈദരാബാദിലും വൺ8 കമ്യൂൺ അടുത്തിടെ പബ് ആരംഭിച്ചിരുന്നു.