സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ മറ്റാർക്കോ കൈമാറാനുള്ളത്

കൊച്ചി: സ്വപ്‍നയ്ക്ക് കൈക്കൂലി നൽകിയെന്ന് ലൈഫ് മിഷൻ കരാർ കമ്പനിയായ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ലൈഫ് മിഷൻ ഭവനസമുച്ചയ കേസിൽ അഴിമതി നിരോധന നിയമപ്രകാരവും (പിസി ആക്ട്) സിബിഐ അന്വേഷണത്തിനു വഴിയൊരുക്കുകയാണ് ഒന്നാം പ്രതിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി.

സിബിഐ നടത്തിയ ചോദ്യം ചെയ്യലിലാണ് സന്തോഷ് ഈപ്പൻ കൈക്കൂലി നൽകിയെന്ന് സമ്മതിച്ചത്. പണം നൽകിയതായി തെളിയിക്കുന്ന സന്തോഷിൻറെ ഡയറി സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു. സന്തോഷ് ഈപ്പനെയും ഭാര്യയും കമ്പനി ഡയറക്ടറുമായ സീമ സന്തോഷിനെയും ഇന്നലെ സിബിഐ ചോദ്യം ചെയ്തിരുന്നു. കോൺസുലേറ്റ് ഭവന നിർമ്മാണ കരാർ നേരിട്ട് കൈമാറിയതാണെന്നും ഇതിനായി ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയിട്ടില്ലെന്നുമായിരുന്നു സന്തോഷ് ഈപ്പൻ ഇന്നലെ പറഞ്ഞത്.

കോൺസുലേറ്റ് ഭവന നിർമ്മാണ കരാർ നേരിട്ട് കൈമാറിയതാണെന്നും ഇതിനായി ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയിട്ടില്ലെന്നും സന്തോഷ് ഈപ്പൻ പറ‌ഞ്ഞിരുന്നു. പദ്ധതിയുടെ കമ്മീഷൻ ആയി കോൺസുലേറ്റിലെ യുഎഇ പൗരന് ബാങ്ക് അക്കൗണ്ട് വഴി 3. 5 കോടി കൈമാറി. കരാർ ലഭിക്കാൻ കമ്പനിയുടെ പേര് നിർദ്ദേശിച്ച വകയിൽ സ്വപ്ന സുരേഷ് അടക്കമുള്ളവർക്ക് ഒരു കോടി രൂപയും നൽകിയെന്നും സന്തോഷ് ഈപ്പൻ ഇന്നലെ മൊഴി നൽകിയിരുന്നു. എന്നാൽ കരാർ ലഭിക്കാൻ ഉദ്യോദസ്ഥർക്ക് കമ്മീഷൻ നൽകിയത് കൈക്കൂലിയായി തന്നെ കണക്കാക്കണമെന്നാണ് സിബിഐ നിലപാട്.

20 കോടി രൂപയുടെ നിർമാണ കരാർ നേടിക്കൊടുത്തതിനു നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനും കൂട്ടാളികൾക്കും കമ്മിഷൻ നൽകിയതിനു പുറമേ ഇവർ വഴി കോഴയും നൽകിയെന്നു വ്യക്തമാക്കുന്ന രേഖകൾ റെയ്ഡിൽ സിബിഐ കണ്ടെത്തി. ഇതോടെയാണു വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം (എഫ്സിആർഎ) സിബിഐ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്താൻ വഴിയൊരുങ്ങിയത്.

പദ്ധതിയുടെ നിർവഹണത്തിനായി സംസ്ഥാന സർക്കാർ അംഗീകരിച്ച ഹാബിറ്റാറ്റ് ഏജൻസിയെ മാറ്റി യൂണിടാകിനു കരാർ ലഭിക്കാൻ സ്വപ്ന വഴി കോഴ നൽകിയെന്നു വ്യക്തമാകുന്നതാണു സന്തോഷിന്റെ വീട്ടിൽ കണ്ടെത്തിയ രേഖകൾ. എന്നാൽ സ്വപ്ന ആർക്കുവേണ്ടിയാണു കോഴ കൈപ്പറ്റിയതെന്ന് അറിയില്ലെന്നാണു സന്തോഷ് പറയുന്നത്. വടക്കാഞ്ചേരി പദ്ധതിക്കു പുറമേ യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടു ഭാവിയിൽ ലഭിക്കാൻ പോകുന്ന നിർമാണ കരാറുകൾക്കുള്ള കമ്മിഷൻ അടക്കം യൂണിടാക് മുൻകൂട്ടി നൽകിയെന്നായിരുന്നു ഇതിനു ലഭിച്ച വിശദീകരണം. അതേസമയം സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ മറ്റാർക്കോ കൈമാറാനുള്ള തുകയാണെന്നാണ് അന്വേഷകരുടെ നിഗമനം.