കർഷകർക്ക് ആശ്വാസമായി പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രം.

ന്യൂഡല്‍ഹി. രാജ്യത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രിസഭായോഗം. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് പ്രതിവര്‍ഷം ഒന്നരശതമാനം പലിശയിളവ് അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.

കാര്‍ഷിക മേഖലയില്‍ ആവശ്യത്തിന് വായ്പ ലഭ്യമാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ടൂറിസം മേഖലയുടെ ഉണര്‍വിന് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീമിന്റെ പരിധി ഉയര്‍ത്താനും തീരുമാനമായി. 50000 കോടി രൂപ കൂടിയാണ് അധികമായി അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

അടിയന്തിര ക്രെഡിറ്റ് ലൈൻ ഗ്യാരൻ്റി സ്കീം 5 ലക്ഷം കോടി ആയി വിപുലീകരിക്കാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. കാർഷിക വായ്പകൾക്ക് പ്രതിവർഷം ഒന്നര ശതമാനം വരെ വായ്പ ഇളവ് നൽകാനാണ് കേന്ദ്ര സർക്കാർ ബുധനാഴ്ച തീരുമാനിച്ചിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷവും 2024-25 സാമ്പത്തിക വർഷവും ഈ ആനുകൂല്യം ലഭ്യമാകും.

വായ്പ ഇളവുകൾക്കായി 34,864 കോടി രൂപയാണ് കേന്ദ്ര സർക്കാർ വകയിരുത്തിയിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ തുടർന്ന് വാർത്താ സമ്മേളനത്തിൽ അറിയിക്കുകയുണ്ടായി. കാർഷിക മേഖലയിലേക്ക് കൂടുതൽ വായ്പകൾ ലഭ്യമാക്കാനും ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും തീരുമാനം ഉപകരിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

കൃത്യസമയത്ത് വായ്പ തിരിച്ചടയ്‌ക്കുന്ന കർഷകർക്ക് 4 ശതമാനം പലിശ നിരക്കിൽ തുടർന്നും വായ്പകൾ ലഭ്യമാക്കുമെന്നും കേന്ദ്ര മന്ത്രി അറിയിക്കുകയുണ്ടായി.
കൊറോണ വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി തരണം ചെയ്യാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം 2020 മെയ് മാസത്തിലാണ് അടിയന്തിര ക്രെഡിറ്റ് ലൈൻ ഗ്യാരൻ്റി സ്കീം അവതരിപ്പിച്ചത്. 3 ലക്ഷം കോടിയുടെ വായ്പകൾ രാജ്യത്തുടനീളമുള്ള കമ്പനികൾക്ക് നൽകുക എന്നതായിരുന്നു ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.