സ്വര്‍ണ്ണക്കടത്തിൽ പിണറായിയെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യണം – രാഹുൽ ഗാന്ധി

 

മലപ്പുറം/ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യണമെന്ന് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. കള്ളപ്പണക്കേസില്‍ അഞ്ചു ദിവസം തന്നെ ചോദ്യം ചെയ്ത ഇ.ഡി എന്തുകൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാത്തതെന്നാണ് രാഹുല്‍ ചോദിച്ചിരിക്കുന്നത്.

ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണം. എത്ര തവണ എന്റെ ഓഫീസ് തകര്‍ത്താലും പ്രശ്‌നത്തിന് പരിഹാരമാകില്ല. യഥാര്‍ത്ഥ പ്രശ്‌നം മറക്കാനാണ് ഇത്തരം ആക്രമണങ്ങള്‍. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനുള്ള ശ്രമമാണിത്. രാഹുല്‍ പറഞ്ഞു.

വയനാട്ടിലെ തന്റെ എംപി ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത് നിര്‍ഭാഗ്യകരമാണെന്നും ആക്രമികളോടു ദേഷ്യമില്ലെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. ആക്രമണത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടിലെത്തുന്നത്. കുട്ടികളാണ് ഇത് ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. ഉത്തരവാദരഹിതമായാണ് അവര്‍ ഇത്തരമൊരു ആക്രമണം നടത്തിയത്. അതില്‍ എനിക്കവരോട് ദേഷ്യമൊന്നുമില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.