കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി. അഞ്ച് ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ക്ഷാമബത്ത 17 ശതമാനമായി. അമ്പതുലക്ഷത്തോളം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഇതുവഴി പതിനാറായിരം കോടിരൂപയുടെ അധികബാധ്യതയുണ്ടാകും. പെന്‍ഷന്‍കാര്‍ക്കുള്ള ഡി ആറും (ഡിയര്‍നെസ് റിലീഫ്) അഞ്ചു ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. 62 ലക്ഷത്തോളം പേര്‍ക്കാണ് ഇത് പ്രയോജനപ്പെടുക.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ക്ഷാമബത്ത കൂട്ടാന്‍ തീരുമാനിച്ചത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്. ഡിഎ കൂട്ടിയത് ജീവനക്കാര്‍ക്കുള്ള ദീപാവലി സമ്മാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചാണ് ക്ഷാമബത്തയും ഡി ആറും വര്‍ധിപ്പിച്ചത്.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിക്കുന്നതിനായി 1600 കോടി രൂപ നീക്കിവെക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ആരോഗ്യമേഖലയിലെ ആശാപ്രവര്‍ത്തകരുടെ വേതനം ഇരട്ടിയായി വര്‍ധിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. 1000 ല്‍ നിന്ന് 2000 രൂപയായാണ് വേതനം വര്‍ധിപ്പിക്കുക.

പലായാനം ചെയ്ത കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് സാമ്പത്തികസഹായവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.