ശബരിമല വികസനത്തിനായി കേന്ദ്ര സർക്കാരിൻ്റെ 11 കോടി

ശബരിമലയിൽ 11 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സഹായം. കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ ടൂറിസം പദ്ധതിയിലാണ് ശബരിമലയിൽ 11 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ അനുമതി ലഭിച്ചത്. ടെൻഡർ നടപടി തുടങ്ങി. സന്നിധാനം വലിയ നടപ്പന്തൽ നവീകരണം (3 കോടി), പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ വഴിവിളക്ക് സ്ഥാപിക്കൽ (3 കോടി), സന്നിധാനത്ത് തീർഥാടക ക്ഷേമ മന്ദിരത്തിന് (90 ലക്ഷം), പമ്പ ഗണപതി കോവിൽ തിരുമുറ്റം നവീകരണം (4.11 കോടി) എന്നിവയാണ് നടപ്പാക്കുന്നത്.

സന്നിധാനത്തെ തിരക്കിൽ കൂട്ടംപിരിയുന്നവരെ ഇരുത്തുന്നതിനും മുതിർന്ന പൗരന്മാർക്ക് വിശ്രമത്തിനുമുള്ള സൗകര്യമാണ് തീർഥാടക ക്ഷേമ മന്ദിരത്തിൽ ഉള്ളത്. ഇൻഫർമേഷൻ സെന്റർ, വിശ്രമത്തിനുള്ള ഹാൾ, ശുചിമുറികൾ എന്നിവയും ഉണ്ടാകും. പമ്പ ഗണപതി കോവിൽ മുറ്റത്ത് കല്ലുപാകി നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. സന്നിധാനം വലിയ നടപ്പന്തലിൽ ഗ്രാനൈറ്റ് ഇട്ട് മോടി കൂട്ടും. പമ്പ മുതൽ സന്നിധാനം വരെ 4 ഘട്ടമായി തിരിച്ചാണ് വഴിവിളക്കുകൾ സ്ഥാപിക്കുന്നത്…കൂടാതെ കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ നിന്നും ലഭിച്ച ആകെ വരുമാനം 263.46 കോടി രൂപ.. കഴിഞ്ഞ വർഷത്തേക്കാൾ 95.35 കോടി രൂപ കൂടുതലുണ്ട്.

കഴിഞ്ഞ വർഷം ആകെ വരുമാനം 168.11 കോടി രൂപയായിരുന്നു. എന്നാൽ 2017-18 വർഷത്തെ ആകെ വരുമാനം 263.77 കോടിയായിരുന്നു വരുമാനം.അതിനിടെ കഴിഞ്ഞ ദിവസമാണ് ശബരിമല തിരുവാഭരണ സംരക്ഷണത്തിന് മുൻ ജഡ്ജിയെ സുപ്രീംകോടതി നിയമിച്ചത് . കേരള ഹൈക്കോടതി മുൻ ജഡ്ജി സി എം രാമചന്ദ്രൻ നായരെയാണ് സുപ്രീംകോടതി നിയമിച്ചത്. തിരുവാഭരണത്തിൻ്റെ എണ്ണവും നിലവാരവും പരിശോധിച്ച് നാലഴ്ചക്കകം റിപ്പോര്‍ട്ട് നൽകണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.പന്തളം രാജകുടുംബാംഗം രേവതി നാൾ പി രാമവര്‍മ്മ രാജ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണം ദൈവത്തിൻ്റെയാണോ രാജകുടുംബത്തിൻ്റെയാണോ എന്നതിൽ വ്യക്തവേണമെന്ന് ജസ്റ്റിസ് എൻ വി രമണ ആവശ്യപ്പെട്ടത്.

പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാനാകില്ലെയെന്നും കോടതി ആരാഞ്ഞിരുന്നു. പന്തളം രാജകുടുംബാഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമായതോടയാണ് സുപ്രീംകോടതിയുടെ ഇടപെടൽ.ശബരിമല ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബാംഗം നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. തിരുവാഭരണത്തിന്‍റെ ഉടമസ്ഥാവകാശം ദൈവത്തിനാണോ പന്തളം കൊട്ടാരത്തിനാണോ എന്നായിരുന്നു ജസ്റ്റിസ് എൻ വി രമണയുടെ ചോദ്യം.