നിപ: നിര്‍ണായക നടപടികളുമായി കേന്ദ്രം; മരുന്നുകള്‍ എത്തിക്കാന്‍ വിമാനവും

നിപ നേരിടുന്നതിന് ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നെന്നും കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉറപ്പുവരുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ അറിയിച്ചു. മരുന്നുകള്‍ എത്തിക്കാന്‍ വിമാനം ലഭ്യമാക്കും.

കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ദില്ലിയിലെ ഉന്നതതലയോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്നു രാവിലെ തന്നെ അദ്ദേഹം മന്ത്രി കെ കെ ഷൈലജയുമായി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളത്തിലെ സാഹച്യം വിലയിരുത്താനായി കേന്ദ്ര ആരോഗ്യവകുപ്പുസെക്രട്ടറി, ഐ എം എര്‍ പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗം കേന്ദ്രമന്ത്രി വിളിച്ചുചേര്‍ത്തിരുന്നു.

ഓസ്ട്രേലിയന്‍ മരുന്ന് കേന്ദ്രസര്‍ക്കാര്‍ ഉടനെ എത്തിക്കും. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. എയിംസിലെ ഡോക്ടര്‍മാരുള്‍പ്പെടെ ആറംഗ സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.

നിപയെന്ന് സംശയിക്കുന്ന ഘട്ടത്തില്‍ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. രോഗത്തെ നേരിടാന്‍ ആരോഗ്യവകുപ്പിന് ധൈര്യമുണ്ട്. ‘റിബാവറിന്‍’ മരുന്ന് ആവശ്യത്തിനുണ്ടെന്നും മന്ത്രി കെ കെ ഷൈലജ കൂട്ടിച്ചേര്‍ത്തു.

ഇടുക്കിയാണ് നിപ്പ വൈറസിന്റെ ഉത്ഭവകേന്ദ്രമെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇടുക്കി ഡിഎംഒ എന്‍.പ്രിയ. ഇടുക്കി ജില്ലയില്‍ ഇതുവരെ ആരും നിരീക്ഷണത്തില്‍ ഇല്ലെന്നും ഡിഎംഒ അറിയിച്ചു.