കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷമബത്ത വര്‍ധിപ്പിച്ചു: തീരുമാനം കേന്ദ്രമന്ത്രിസഭാ യോഗത്തില്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷമബത്ത വര്‍ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 17 ശതമാനത്തില്‍ നിന്നും 28 ശതമാനമായാണ് ഉയര്‍ത്തിയത്.

കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാരിനുണ്ടാകുന്ന അധികബാധ്യത കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ, ഡിആര്‍ വര്‍ധന കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ മരവിപ്പിച്ചത്. മൂന്നുഗഡു ഡിഎ ആണ് ബാക്കിയുള്ളത്. 2020 ജനുവരി ഒന്നു മുതല്‍ 2020 ജൂണ്‍ 30 വരെയുള്ള നാല് ശതമാനവും 2020 ജൂലായ് ഒന്നു മുതല്‍ 2020 ഡിസംബര്‍ ഒന്നു വരെയുള്ള നാല് ശതമാനവും 2021 ജനുവരി ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള നാലു ശതമാനവുമാണ് ഇനി നല്‍കാനുള്ളത്.