കേരളത്തില്‍ രോഗവ്യാപനം രൂക്ഷം; ആശങ്കയറിയിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂദല്‍ഹി: കേരളത്തിലെ കൊവിഡ് രോഗ വ്യാപനത്തില്‍ ആശങ്കയറിയിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെ ഏഴ് ജില്ലകളില്‍ രോഗവ്യാപനം രൂക്ഷമാണെന്നും ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലെവ് അഗര്‍വാള്‍ പറഞ്ഞു. പത്ത് ജില്ലകളില്‍ പത്ത് ശതമാനത്തില്‍ കൂടുതലാണ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്.

കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, വയനാട് ജില്ലകളിലാണ് രോഗവ്യാപനം രൂക്ഷമാകുന്നത്. ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് നിര്‍ദേശം നല്‍കിയതായും ലെവ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേ സമയെ കേരളത്തില്‍ കൊറോണ നിരക്ക് ഇന്ന് കുത്തനെ ഉയര്‍ന്നു. ഇന്ന് 22,129 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,326 ആയി.

മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്ബിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,65,36,792 സാമ്ബിളുകളാണ് പരിശോധിച്ചത്.