കേന്ദ്ര പദ്ധതികൾ കേരളത്തില്‍ അട്ടിമറിക്കുന്നു, ഇനിയും കേന്ദ്ര മന്ത്രിമാർ വരും, പണം മുടക്കിയ പദ്ധതികൾ പരിശോധിക്കും.

 

കാസര്‍ഗോഡ്/ സംസ്ഥാന സര്‍ക്കാര്‍ വഴി നടപ്പിലാക്കുന്ന എല്ലാ കേന്ദ്ര പദ്ധതികളും കേരളത്തില്‍ അട്ടിമറിക്കപ്പെടുന്നുവെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇത് പരിശോധിക്കപ്പെടുന്നതാണ് മുഖ്യമന്ത്രിയേയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെയും അസ്വസ്ഥമാക്കുന്നത്. സംസ്ഥാനം വഴി നടപ്പാക്കുന്ന എല്ലാ കേന്ദ്ര പദ്ധതികളും കേരളത്തില്‍ അട്ടിമറിക്കപ്പെടുകയാണ്. അത് പരിശോധി ക്കാന്‍ കേന്ദ്രമന്ത്രിമാര്‍ ഇനിയും കേരളത്തിലെത്തുമെന്നും കാസര്‍ഗോഡ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ അതിവേഗ ദേശീയപാത വികസനമാണ് നടക്കുന്നത്. 2024ന് ഈ പദ്ധതികളെല്ലാം പൂര്‍ത്തിയാകും. യുപിഎ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ 560 ഇരട്ടി ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നത്. 21,275 കോടിയുടെ പുതിയ 6 പ്രൊജക്ടുകളാണ് എന്‍എച്ച്‌ഐ നടപ്പാക്കുന്നത്. നേരത്തെ അനുവദിച്ച 34,000 കോടിയുടെ പദ്ധതികള്‍ക്ക് പുറമേയാണിത്.

കേരളത്തിന്റെ വികസനത്തിന് കരുത്തേകുന്ന 6 പ്രൊജക്ടുകളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്രസര്‍ക്കാരിനെ മുമ്പ് നിരവധി തവണ പ്രസംശിച്ചതാണ്. ഇപ്പോള്‍ കേന്ദ്രമന്ത്രി എസ്.ജയശങ്കര്‍ വന്നപ്പോള്‍ ഇവര്‍ എന്തിനാണ് പ്രകോപിതനാകുന്നതെന്നു മനസിലാകുന്നില്ലെന്നു സുരേന്ദ്രന്‍ പറഞ്ഞു.

റിയാസിന്റെ പിഡബ്ല്യുഡി റോഡുകള്‍ മുഴുവന്‍ കുളങ്ങളാണ്. കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച പാലാരിവട്ടം പാലം പൊളിഞ്ഞു. റിയാസിന്റെ ജില്ലയിലെ കൂളിമാട് പാലം നിന്നനില്‍പ്പില്‍ തകര്‍ന്നു. വര്‍ഷത്തില്‍ ആറുമാസം മഴ പെയ്യുന്ന സംസ്ഥാനത്ത് ദേശീയപാത വികസനത്തിനുള്ള പരിമിതികള്‍ പരിഹരിച്ചാണ് ഇപ്പോള്‍ പണി നടക്കുന്നത്. കേരളത്തില്‍ ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം മാത്രമാണ് സംസ്ഥാനം വഹിക്കുന്നത്. ബാക്കി ദേശീയപാത വികസനത്തിന്റെ എല്ലാ തുകയും നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്.

വിദേശകാര്യ മന്ത്രി വരുമ്പോള്‍ മുഖ്യമന്ത്രിക്ക് അസ്വസ്ഥത കൂടും. പ്രോട്ടോകോള്‍ ലംഘനം ചര്‍ച്ചയാകുമോ എന്ന് ഭയക്കുന്നുണ്ട്. ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്യുന്ന കേരളം ഭരിക്കുന്നവരാണ് മര്യാദയ്ക്ക് കാര്യങ്ങള്‍ ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നത്. സംസ്ഥാനത്ത് ട്രഷറി പൂട്ടിപോകാതിരിക്കാന്‍ കാരണം നരേന്ദ്രമോദി സര്‍ക്കാരാണ്.

ടീം ഇന്ത്യ എന്ന സങ്കല്‍പ്പത്തില്‍ മോദി സര്‍ക്കാര്‍ മുന്നോട് പോകുമ്പോള്‍ കേരളം കടക്കെണിയിലാവുകയാണ്. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞിയില്‍ പോലും കയ്യിട്ടുവാരുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. അവാസ്തവമായ കണക്കുകളാണ് നിയമസഭയില്‍ മന്ത്രിമാര്‍ പറയുന്നത്. പ്രതിപക്ഷ നേതാവും ഇതിന് കൂട്ടുനില്‍ക്കുന്ന്. സുരേന്ദ്രന്‍ പറഞ്ഞു.