സി.എഫ് തോമസിന്റെ വിയോഗം,ചങ്ങനാശ്ശേരിക്ക് നഷ്ടമായത് സൗമ്യമായ നേതാവിനെ

കോട്ടയം:1939 ജൂലൈ 30ന് ജനനനം. കെ എസ് യു പ്രവർത്തകനായിരുന്നു. അധ്യാപക ജോലി ഉപേക്ഷിച്ചാണ് സി എഫ് തോമസ് സജീവ കോൺഗ്രസ് രാഷ്ട്രീയ രംഗത്തെത്തിയത്. 1964ൽ കേരളാ കോൺഗ്രസ് രൂപം കൊണ്ടപ്പോൾ സ്ഥാപക നേതാക്കളിൽ ഒരാളായി. 1980 ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പക്ഷത്തുനിന്നും ചങ്ങനാശേരിയെ പ്രതിനിധികരിച്ച് നിയമസഭയിലെത്തി. തുടർന്നുള്ള 8 തെരഞ്ഞെടുപ്പുകളിലും ചങ്ങനാശേരിക്കാർ സി എഫിനെ കൈവിട്ടില്ല. 2001 ലെ ആൻ്റണി മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു.

കെ.എം. മാണി പാർട്ടി ലീഡറായ കാലഘട്ടം മുതൽ, കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം വഹിച്ചത് സി.എഫ്. തോമസായിരുന്നു. 2010ൽ മാണി ജോസഫ് ഗ്രൂപ്പുകൾ ലയിച്ചപ്പോഴാണ് സിഎഫ് പാർട്ടി ചെയർമാൻ സ്ഥാനത്തുനിന്ന് മാറിയത്. ലയനത്തിനു പിന്നാലെ മാണി പാർട്ടി ചെയർമാനും പി.ജെ. ജോസഫ് വർക്കിങ് ചെയർമാനുമായി. അതിനു ശേഷം സി.എഫ്. തോമസ് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനായാണ് പ്രവർത്തിച്ചിരുന്നത്. ഏത് പ്രതിസന്ധി ഘട്ടത്തിലും മാണി ക്കൊപ്പം ഉറച്ചു നിന്ന സി എഫ് കേരള കോൺസിലെ പിളർപ്പിനു പിന്നാലെയാണ് ജോസഫ് പക്ഷത്തേക്ക് മാറിയത്. സി എഫ് തോമസിൻ്റെ വിയോഗത്തോടെ ചങ്ങനാശേരിക്കാർക്ക് നഷ്ടമാകുന്നത് വർഷങ്ങളുടെ രാഷ്ട്രീയ പരിചയസമ്പത്തുള്ള സ്വന്തം നേതാവിനപ്പുറം വിവാദങ്ങളെ എന്നും അകറ്റി നിർത്തിയിട്ടുള്ള സൗമ്യനായ അവരുടെ ജനപ്രതിനിധിയെയാണ്.